കൊച്ചി: ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിക്ക് ഇന്ന് നവതി. രംഗഹരി എന്ന, ആര്‍. ഹരിയെന്ന, ഹരിയേട്ടന്റെ ഇന്നത്തെ ദിവസത്തിനും പ്രത്യേകതയൊന്നുമില്ലെന്ന് ഹരിയേട്ടന്‍. അതുകൊണ്ടുതന്നെ പിറന്നാള്‍ ആഘോഷമില്ല. പിറന്ന വീടുവിട്ട് വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്യാലയത്തില്‍ത്തന്നെ ഇന്നും. സംസ്ഥാന ആര്‍എസ്എസ് ആസ്ഥാനമായ എളമക്കര മാധവനിവാസില്‍.
പൊതുവെ ക്ഷേത്ര ദര്‍ശനം പതിവില്ല. പക്ഷേ ധ്യാനവും ജപവുമുണ്ട്. അത് മുടക്കില്ല. ചെറിയ തോതില്‍ യോഗാഭ്യാസങ്ങള്‍. വായന, എഴുത്ത്, പത്രവായന. സമയത്ത് ഭക്ഷണം, ടെലിഫോണ്‍ സംഭാഷണങ്ങള്‍. അത് ഇന്നും മുടക്കില്ല. പിറന്നാള്‍ ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തുന്നത്. അത് കടുങ്ങല്ലൂരിലുള്ള നരസിംഹ സ്വാമി ക്ഷേത്രത്തില്‍. ഇന്നും കാലത്ത് ആറര മണിക്ക് അങ്ങോട്ടേക്കു പോകും. അതിനായി ഒരു സ്വയംസേവകന്‍ എത്തും, ഒപ്പം പോകും. തിരികെ മാധവ നിവാസിലേക്ക്.
കാര്യാലയത്തിലെ അന്തേവാസികള്‍ക്ക് ആഘോഷിക്കാന്‍ ഉച്ചയൂണിനൊരു പായസം എന്ന ആഗ്രഹം കാര്യാലയ പ്രമുഖ് വച്ചു. വേണ്ട എന്ന് മറുപടി. ബന്ധുക്കളെ പോലും അറിയിക്കരുത്. ക്ഷണിക്കരുത്. പക്ഷേ ഏറെ നി
ര്‍ബന്ധിച്ചപ്പോള്‍ സഹോദരന്‍ ആര്‍. ധനഞ്ജയ ഷേണായിയെ മാത്രം അറിയിക്കാന്‍ അനുവദിച്ചു. അറിഞ്ഞു കേട്ട് എത്തുന്നവരുണ്ടായിരിക്കാം. അതിനപ്പുറം ആഘോഷമേയില്ല. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍ തുടങ്ങി ഏതാനും
പേര്‍ കാര്യാലയത്തില്‍ ഒപ്പമുണ്ടാകും. ആഘോഷം ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. അതൊന്നും പാടില്ലെന്ന് ഹരിയേട്ടന്റെ കര്‍ശന വിലക്കാണ്. ജന്മ നക്ഷത്രമായ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ പ്രാന്ത കാര്യാലയ പ്രമുഖ് സി.സി. സെല്‍വന്‍ ശീട്ടാക്കിയ പാല്‍പ്പായസം മാത്രമാണ് ഒരേയൊരാഘോഷം.
ഹരിയേട്ടന് മറ്റൊരു ആഘോഷമുണ്ട്. വായനയും ചിന്തയും എഴുത്തും. അതെല്ലാം രാഷ്‌ട്ര സമര്‍പ്പണ ബുദ്ധിയോടെയും നിരന്തരം നിര്‍വഹിക്കുന്ന അദ്ദേഹത്തിന് വൈകിട്ട് പുസ്തക പ്രകാശന ചടങ്ങുണ്ട്. അഞ്ചു ഭാഷകളില്‍ ഗ്രന്ഥരചന നടത്തിയിട്ടുള്ള ഹരിയേട്ടന്റെ 51-ാമത്തെ പുസ്തകം ‘വ്യാസഭാരതത്തിലെ ദ്രൗപദി’ ഇന്ന് വൈകിട്ട് ആറിന് ബിടിഎച്ചില്‍ പ്രകാശനം ചെയ്യും. ബുദ്ധ ബുക്‌സാണ് പ്രസാധകര്‍. കവി എസ്. രമേശന്‍ നായര്‍, ഡോ. ആര്‍. അര്‍ച്ചന, ഡോ. ലക്ഷ്മി ശങ്കര്‍, ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഹരിയേട്ടന്റെ മറുപടി പ്രസംഗവുമുണ്ട്. സമര്‍പ്പിത ജീവിതത്തിന്റെ തൊണ്ണൂറാം ജന്മദിനാഘോഷമെന്നുകൂടി ഈ ചടങ്ങിനെ വിശേഷിപ്പിക്കാം. പിറന്നാള്‍ അതില്‍പ്പരം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം.
















