കൊല്ലം: അഭ്യാസപ്രകടനത്തിലൂടെ ടൂറുകള്‍ നേടിയെടുക്കാനുള്ള ടൂറിസ്റ്റ് ബസുകളുടെ നീക്കം ഭൂരിപക്ഷത്തിനും തിരിച്ചടിയായി. അഞ്ചലിലും കൊട്ടാരക്കരയിലും തൃശൂരിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്വറി ടൂറിസ്റ്റ് ബസുകള്‍ കോളേജ് വിദ്യാര്‍ഥികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകര്‍ഷിക്കാനായി പോസ്റ്റ് ചെയ്ത അഭ്യാസപ്രകടനങ്ങളുടെ മൊബൈല്‍ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായ നടപടികളാണ് സ്വീകരിച്ചത്.
എന്നാല്‍, വിരലിലെണ്ണാവുന്ന ചിലര്‍ കാണിച്ച തെറ്റുകള്‍ക്ക് മാന്യമായി ബസ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നവരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും ദൃശ്യമാധ്യമങ്ങളുടെയും വേട്ടയ്ക്ക് ഇരയാകുന്നതായാണ് ആക്ഷേപം.
മൂന്നാര്‍, ഊട്ടി അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ നിരവധി ഹെയര്‍പിന്‍ വളവുകളുണ്ട്. ഇവിടങ്ങളിലെ റോഡുകളില്‍ രാത്രികാലത്തെ പ്രകാശവും വളരെ വിരളമാണ്. ഇതിനെ അതിജീവിക്കാനാണ് കൂടുതല്‍ പ്രകാശസംവിധാനത്തോടെ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നാണ് ബസുകാരുടെ നിലപാട്. ഇതിനെ ആഡംബരമായി ചിത്രീകരിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് വെല്ലുവിളി ഉയരുകയെന്നും ചൂണ്ടിക്കാട്ടുന്നു.
നാലു ടൂറിസ്റ്റ് ബസുകളിലെ തൊഴിലാളികള്‍ സാന്ദര്‍ഭികമായി നടത്തിയ പ്രവൃത്തികളുടെ പേരില്‍ നിയമാനുസൃതമായി സര്‍വീസുകള്‍ നടത്തുന്ന ടൂര്‍പാക്കേജ് വാഹനങ്ങള്‍ പോലും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാല്‍ലക്ഷം രൂപയാണ് ചില ഉദ്യോഗസ്ഥര്‍ ഫൈന്‍ ഈടാക്കുന്നത്. കൂടാതെ പെര്‍മിറ്റ് റദ്ദാക്കുന്നതും പതിവായി. ഇക്കാരണത്താല്‍ മുന്‍കൂട്ടി നിശ്ചയിച്ച ടൂറുകള്‍ പോലും നടത്തി ജീവിക്കാനാകാത്ത സാഹചര്യത്തിലാണ് കേരളത്തിലെ മിക്ക ടൂറിസ്റ്റ് ബസുകാരും. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ടൂര്‍ ഓപ്പറേറ്റിങ് സര്‍വീസുകള്‍ക്കും ഭീമമായ നഷ്ടമാണ്.
പ്രളയത്തിന് ശേഷം പൊതുവെ മാന്ദ്യത്തിലായ ടൂറിസം രംഗത്ത് ടൂര്പാക്കേജുകളെ ആശ്രയിക്കുന്നവര്‍ക്കും സംഭവവികാസങ്ങള്‍ തിരിച്ചടിയായി. മൂന്നുമാസം കൂടുമ്പോള്‍ വിനോദനികുതി ഇനത്തില്‍ 53,000 രൂപയും ഇന്‍ഷുറസ് ഇനത്തില്‍ പ്രതിവര്‍ഷം 95,000 രൂപയുമാണ് ടൂറിസ്റ്റ് ബസുകള്‍ അടയ്ക്കുന്നത്. ഇത് കൂടാതെ അടിക്കടിയുള്ള ഡീസല്‍വില വര്‍ധനവും മേഖലയ്ക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: