കണ്ണൂര്‍: ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് മൂന്നു മാസമായി ശമ്പളമില്ല. ചില ജില്ലകളില്‍ സപ്തംബര്‍ മാസത്തെ വേതനം നല്‍കിയിട്ടുണ്ട്. അഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് ഒരു പാചകത്തൊഴിലാളിയും അതിന് മുകളില്‍ രണ്ടുപേരും എന്നതാണ് സര്‍ക്കാര്‍ കണക്ക്. അതിരാവിലെ സ്‌കൂളിലെത്തുന്ന തൊഴിലാളികള്‍ക്ക് വൈകി മാത്രമേ തിരികെ പോകാന്‍ സാധിക്കൂ.
പാചകത്തൊഴിലാളികള്‍ ജോലിക്ക് ഹാജരാകുന്ന ദിവസത്തെ കണക്ക് തയാറാക്കി സ്‌കൂള്‍ അധികാരികള്‍ എഇഒ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തുന്നത്. സമയബന്ധിതമായി വേതനം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകുന്നുവെന്ന് വ്യാപക പരാതിയുയര്‍ന്നതോടെയാണ് ബാങ്ക് വഴി വേതനം നല്‍കാനാരംഭിച്ചത്. നാനൂറ് രൂപയായിരുന്ന ദിവസ വേതനം ആഗസ്ത് മുതല്‍ അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയെങ്കിലും കൃത്യമായി ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ചില എഇഒ ഓഫീസുകളില്‍ നിന്ന് കണക്ക് നല്‍കിയെന്ന് പറഞ്ഞാലും ബാങ്കില്‍ പോയി അന്വേഷിക്കുമ്പോഴാണ് അതില്ലെന്ന് മനസ്സിലാവുക. എല്ലാ പാചകത്തൊഴിലാളികളുടെയും കണക്ക് ഒരുമിച്ചാണ് എഇഒ ഓഫീസില്‍ നിന്ന് നല്‍കുക. ഏതെങ്കിലും സ്‌കൂളില്‍ നിന്ന് കണക്ക് ലഭിച്ചില്ലെങ്കില്‍ അത് കൂടി ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതുകൊണ്ടാണ് ബാങ്കുകളില്‍ റിപ്പോര്‍ട്ട് എത്താന്‍ വൈകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി ഫണ്ട് അനുവദിക്കാറുണ്ട്. എന്നാല്‍, മിക്ക എഇഒ ഓഫീസുകളില്‍ നിന്നും കൃത്യസമയത്ത് ബാങ്കുകളില്‍ കണക്ക് എത്തിക്കാത്തതും ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും വേതനവിതരണം വൈകാന്‍ ഇടയാക്കുന്നു. എന്നാല്‍, ട്രഷറികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതുകൊണ്ടാണ് വേതനം വൈകുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.
















