ചക്കുളത്തുകാവ് (ആലപ്പുഴ): ചക്കുളത്തമ്മയ്‌ക്ക് മുന്നില്‍ കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊങ്കാല അര്‍പ്പിക്കാന്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍െപ്പടെ തലേ ദിവസം തന്നെ ദേവീപ്രീതിക്കായി പൊങ്കാല അര്‍പ്പിക്കാന്‍ വ്രതശുദ്ധരായ സ്ത്രീകള്‍ എത്തിയിരുന്നു. ഒരു പ്രദേശമൊന്നാകെ യാഗഭൂമിയായി മാറുന്ന അപൂര്‍വ അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചത്.
രാവിലെ വിളിച്ചു ചൊല്ലി പ്രാര്‍ഥനയ്‌ക്ക് ശേഷം ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ആധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ നിര്‍വഹിച്ചു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നള്ളിച്ചു. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു.
അഞ്ഞൂറിലധികം വേദ പണ്ഡിതന്‍മാരുടെ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിച്ചു. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടന്നു.
പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചയ്‌ക്ക് ശേഷമാണ് സമാപിച്ചത്. കത്തുന്ന വെയിലിനെയും അവഗണിച്ച് പൊങ്കാല അര്‍പ്പിച്ച് ആത്മസാക്ഷാത്ക്കാരം നേടി.
വൈകിട്ട് സാംസ്‌കാരിക സമ്മേളനവും, കാര്‍ത്തിക സ്തംഭം അഗ്നിക്കിരയാക്കല്‍ ചടങ്ങും നടന്നു. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമായാണ് കാര്‍ത്തിക സ്തംഭം കത്തിക്കുന്നത്.
















