കൊച്ചി: വയനാട് ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ സി.വി. ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ. മോഹനന്‍, ഡോ. ജിസ മെറിന്‍ ജോയ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മാനന്തവാടി അസി. പോലീസ് കമ്മീഷണര്‍ വൈഭവ് സക്സേന ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
നവംബര്‍ 20നാണ് ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. അധ്യാപകന്‍ ഷജില്‍ കുട്ടിക്ക് അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നത് വൈകിപ്പിച്ചു. കുട്ടിക്ക് പരിചരണവും സഹായവും നല്‍കുന്നതില്‍ നിന്ന് സഹപ്രവര്‍ത്തകരെയും കുട്ടികളെയും പിന്തിരിപ്പിച്ചു. കുട്ടിയെ പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുറ്റകരമാണെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ. മോഹനന്റെ മുറിക്കു സമീപമാണ് സംഭവം നടന്നത്.
കുട്ടിക്ക് അടിയന്തര ചികിത്സാസഹായം നല്‍കാനോ മറ്റുള്ളവരോട് ഇക്കാര്യം നിര്‍ദേശിക്കാനോ കെ.കെ. മോഹനന്‍ നടപടിയെടുത്തില്ലെന്നും സ്റ്റേറ്റ്‌മെന്റില്‍ ആരോപിക്കുന്നു. മാത്രമല്ല, കുട്ടിക്ക് പാമ്പുകടിയേറ്റെന്നറിഞ്ഞിട്ടും ആന്റിവെനം (പ്രതിവിഷം) നല്‍കാതെ വിലയേറിയ ഒരു മണിക്കൂറാണ് ഡോ. ജിസ പാഴാക്കിയതെന്ന് സ്റ്റേറ്റ്‌മെന്റില്‍ ആരോപിക്കുന്നു.
ആന്റിവെനം നല്‍കുന്നതിന് അച്ഛന്റെ അനുമതി ആവശ്യമുണ്ടായിരുന്നില്ല. മരുന്നു നല്‍കുമ്പോള്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ അടിയന്തര ചികിത്സയ്‌ക്ക് താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യവുമുണ്ടായിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ല. ഡോക്ടര്‍ ഉത്തരവാദിത്വരഹിതമായാണ് പെരുമാറിയതെന്നും ചികിത്സയില്‍ അനാസ്ഥ കാട്ടിയെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
















