അജയ് ദേവഗണ്‍ നായക വേഷത്തിലെത്തുന്ന താനാജി ദ അണ്‍സംങ് വാരിയര്‍ ജനുവരി 10ന് തീയറ്ററുകളിലെത്തും. ചിത്രത്തി ദേവഗണിന്റെ ഭാര്യ കാജോള്‍ ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായ സാവിത്രി ബായിയായി എത്തുന്നു. സൂപ്പര്‍ താരം സെയ്ഫ് അലി ഖാനാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
മറാത്താ സാമ്പ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യാധിപനായ ഗറില്ലാ യുദ്ധവീരന് താനാജി മാലുസാരയെയാണ് അജയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സെയ്ഫ് അലിഖാന് മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ വിശ്വസ്ഥനായ സേനാ നായകനായ ഉദയ് ഭാനാനേയും കാജോള്‍ താനാജിയുടെ ഭാര്യ കഥാപാത്രമായ സാവിത്രിഭായി മാലുസാരെയെയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഛത്രപതി ശിവാജി മഹാരാജായി എത്തുന്നത് പ്രമുഖ മറാത്തി കലാകാരന് ശരദ് കേല്‍ക്കര്‍ ആണ്.
പതിനേഴാം നൂറ്റാണ്ടില്‍ ദക്ഷിണ ഭാരതത്തിലെ തന്ത്രപ്രധാനമായ കൊന്ധാന കോട്ട പിടിച്ചെടുക്കാന്‍ മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് തന്റെ സൈന്യധിപന്‍ ഉദയ് ഭാനെ നിയോഗിക്കുകയും ശിവജിയുടെ നിര്‍ദ്ദേശ പ്രകാരം താനാജിയുടെ നേതൃത്വത്തില്‍ മറാത്താ പട അവരെ നേരിടുകയും ചെയ്ത ചരിത്ര സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അജയ് ദേവഗണിനോടൊപ്പം ഭൂഷണ് കുമാറും കിഷന് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശ് കപാഠിയ ഒരുക്കിയ കഥക്ക് തിരക്കഥ ഒരുക്കിയത് പ്രകാശ് കപാഠിയയും സംവിധായകന് ഓം റാവത്തും ചേര്‍ന്നാണ്. അജയ്-അതുല്‍, സചേത്-പരമ്പര, മേഹുല്‍ വ്യാസ് എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്കിയിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ താനാജിയിലെ ശങ്കരാരേ.. ശങ്കരാ എന്നഗാനം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: