തെലങ്കാനയില്‍ യുവഡോക്ടറെ ചുട്ടുകൊന്ന സംഭവം നാടിനെ നടുക്കിയതാണ്. തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം നടത്തി കൊന്നതിനുശേഷമാണ് അവരെ ചുട്ടുകരിച്ചത്. ഉന്നാവയിലെ പെണ്‍കുട്ടിക്കുനേരെ നടന്ന തീക്കളിക്ക് പിറകെ തെലുങ്കാന സംഭവത്തിലെ നാലു പ്രതികളെയും പോലീസ് കൊന്നു. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കവെ പ്രതികള്‍ പോലീസിനെ അക്രമിക്കാന്‍ തുനിഞ്ഞപ്പോഴാണ് വെടി ഉതിര്‍ത്തതെന്ന് പറയുന്നു. പക്ഷേ അതില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയും. തെളിവെടുക്കാന്‍ കൊണ്ടുപോയ കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് കയ്യാമം വച്ചില്ല എന്നത് പ്രധാന പൊരുത്തക്കേട് തന്നെയാണ്. 25 വയസ്സിന് താഴെയുള്ള ശുഷ്കിച്ച പ്രതികള്‍ കമ്മീഷണര്‍ അടക്കമുള്ള പത്തംഗം സായുധപോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതി വിശ്വസനീയമാണോ? ഏതായാലും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിന് പ്രതികള്‍ക്കെതിരെ മരണാനന്തര കേസ് ചുമത്തുകയും ചെയ്തു.
ഡോക്ടറായ യുവതിയെ കാണാതായതുമുതല്‍ പോലീസില്‍ ബന്ധുക്കള്‍ ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല. അന്വേഷണത്തിനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്ന് പറയുന്നു. എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനും അമാന്തം കാണിച്ചു. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ കേസുകളില്‍ നിന്ന് ഊരുകയും ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെലങ്കാന പോലീസിന്റെ നടപടിക്ക് കുറേ പേരുടെ കയ്യടി നേടിയിട്ടുണ്ട്. പക്ഷെ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന നടപടിയല്ല പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ബലാല്‍സംഗവും അതിനുശേഷം കൊലപാതകം കൂടി ചെയ്യുന്ന കൊടും കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന് മാത്രമല്ല ശിക്ഷ എത്രയും പെട്ടെന്ന് ലഭ്യമാക്കുകയും വേണ്ടതാണ്. എന്ന് കരുതി പോലീസ് വിചാരണകൂടാതെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാനേ സാദ്ധ്യമല്ല. ഇവിടെയാണ് പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന് ശരദ് അരവിന്ദ് ബോബ്ഡേയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.
നീതി എന്നാല്‍ പ്രതികാരമായി മാറരുതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം തുടര്‍ന്നു. ”ഒരു സംശയവുമില്ല, രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ സ്വന്തം സമീപനവും അതിന്റെ അവസ്ഥയും പുനപ്പരിശോധിക്കേണ്ടതുണ്ട്. ഇന്ന് ഒരു ക്രിമിനല്‍ കേസ് വാദം കേട്ട് വിധി പുറപ്പെടുവിക്കാനെടുക്കുന്ന സമയവും പുനപ്പരിശോധിക്കണം. നീതി ഒരിക്കലും ഉടനടി ലഭ്യമാക്കേണ്ടതല്ല. നീതി പ്രതികാരമായി മാറുകയും ചെയ്യരുത്. പ്രതികാരമാകുന്നതോടെ നീതിയുടെ സ്വഭാവം മാറും. നീതിന്യായ വ്യവസ്ഥ സ്വയം തിരുത്തലുകള്‍ വരുത്തണം. എന്നാല്‍, ഇക്കാര്യം പരസ്യമാക്കണോ വേണ്ടയോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കേസ് വേഗത്തിലാക്കാന്‍ വഴി കണ്ടെത്തണം. കേസുകള്‍ക്കു മുന്‍പ് സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമമുണ്ട്. ഇക്കാര്യം നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നത് പഠിപ്പിക്കാന്‍ കോഴ്സുകളുമില്ല.” ചീഫ് ജസ്റ്റിസ് ആഗ്രഹിക്കുന്നതുപോലെ കോടതി നടപടികള്‍ ഈ വിഷയത്തില്‍ ജാഗ്രതയോടെ പരിഷ്ക്കാരവും വേഗതയുമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ബലാല്‍സംഗക്കാരെ തൂക്കിലേറ്റാന്‍ തന്നെയാണ് മോദിസര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ എന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ അല്‍പ്പത്തമാണ്.
മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം ലോകത്തിലെ ബലാല്‍സംഗ തലസ്ഥാനമായെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസ്താവിച്ചത്. കോണ്‍ഗ്രസ് ഭരണം നടത്തുമ്പോഴാണ് നിര്‍ഭയ സംഭവമെന്നോര്‍ക്കണം. ആ കേസിലെ പ്രതിയുടെ ദയാഹര്‍ജി പരിഗണിക്കരുതെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ബിജെപിയാണ്. ബലാല്‍സംഗം നടത്തിയശേഷം ദല്‍ഹിയില്‍ തണ്ടൂരി അടുപ്പില്‍ യുവതിയെ ചുട്ടത് കോണ്‍ഗ്രസ് നേതാവായിരുന്നല്ലൊ. കേരളത്തില്‍ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീയെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയത് ആരാണ്. കേരളത്തിന്റെ അഞ്ചിരട്ടിയിലധികമുണ്ട് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. അവിടെയും ഇവിടെയും കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുമുണ്ട്. കേരളത്തില്‍ പ്രതിദിനം വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേരെ ബലാല്‍സംഗം ചെയ്യുന്നുണ്ട്. അതൊന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറ്റം എവിടെയായാലും ശിക്ഷ ഉറപ്പാക്കുകതന്നെ വേണം. അതിനായി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം ഗൗരവത്തിലെടുക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: