കോട്ടയം: പുനരുപയോഗിക്കാത്ത പ്ലാസ്റ്റിക്കുകളുടെ നിര്‍മാര്‍ജനത്തിന് സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വയജ്ഞം. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ഒന്നു മുതല്‍ 15 വരെ സംഘടിപ്പിച്ച ശുചീകരണയജ്ഞത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുഴുവന്‍ സേനാവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ശുചിത്വ ദിനം ആചരിച്ചത്.
വ്യോമസേനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ശുചീകരണയജ്ഞം ദക്ഷിണ വ്യോമസേന കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ അമിത് തിവാരി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശംഖുംമുഖം ബീച്ചില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ വ്യോമസേനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ദക്ഷിണ വ്യോമസേന കമാന്‍ഡ് അഡ്മിന്‍ മേധാവി എയര്‍ വൈസ് മാര്‍ഷല്‍ പ്രശാന്ത് ഇ. പതംഗെ, ശംഖുംമുഖം വ്യോമസേനാ സ്റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.കെ. അവസ്തി, പ്രതിരോധ വക്താവ് ധന്യ സനല്‍ എന്നിവര്‍ പങ്കെടുത്തു.
വിഴിഞ്ഞം തീരസംരക്ഷണ സേനാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോവളം ഗ്രോവ്‌സ് ബീച്ചില്‍ ശുചീകരണയജ്ഞം നടത്തി. മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും അടക്കം നിരവധി ജനങ്ങള്‍ സേനാംഗങ്ങള്‍ക്കൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി. എന്‍സിസി കേരള-ലക്ഷദ്വീപ് കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി. സംസ്ഥാനത്തെ 42 എന്‍സിസി യൂണിറ്റുകളിലുള്ള ഏകദേശം 26,400 കേഡറ്റുകള്‍ ശുചീകരണത്തിന്റെ ഭാഗമായി.
















