വടക്കന്‍ കേരളത്തിലെ വ്യോമയാന ഗതാഗത സ്വപ്നങ്ങള്‍ വാനോളമുയര്‍ത്തിയാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥാപിതമായത്. എന്നാല്‍, ഇന്ന് നിരവധി വിവാദങ്ങളും അഴിമതി ആരോപണങ്ങളും മാത്രമാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍)ല്‍ നിന്ന് ഉയരുന്നത്.
അഴിമതി കാരണം അനുദിനം യാത്രാ സര്‍വീസുകള്‍ കുറയുന്നു. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും, മാനേജ്മെന്റും നടത്തുന്ന കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍, കണ്ണൂര്‍ വിമാനത്താവളം കേന്ദ്രത്തിന്റെ പലവിധ സൗജന്യങ്ങള്‍ നേടിയെടുത്ത് അവ ദുരുപയോഗം ചെയ്തതിന്റെ കഥകളാണ് പറയാനുള്ളത്.
പുതിയ വിമാനത്താവളങ്ങളില്‍ മൂന്നു വര്‍ഷം കഴിയാതെ വിദേശ വിമാനക്കമ്പനികളെ അനുവദിക്കാന്‍ കഴിയില്ലെന്നതാണ് രാജ്യത്തെ വ്യോമയാന നയം. എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര വ്യോമയാന നയത്തില്‍ നിന്ന് വ്യതിചലിച്ച് ഉഡാന്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെയും കേരളത്തിന്റെയും വികസത്തിന്റെ ഭാഗമായാണ് ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ കിയാലിനെ ഉള്‍പ്പെടുത്തിയത്.
സാധാരണ നിലയില്‍ ഉഡാന്‍ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളില്‍ മറ്റു സര്‍വീസുകള്‍ അനുവദിച്ചു കൊടുക്കാറില്ല. എന്നാല്‍, കിയാലിന് പ്രത്യേക പരിഗണന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെട്ടാണ് സര്‍വീസുകള്‍ അനുവദിച്ചത്. പ്രതിദിനം അയ്യായിരത്തില്‍പ്പരം യാത്രാ സീറ്റുകള്‍ കൈകാര്യം ചെയ്തിരുന്ന കിയാല്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിവിധ സ്വകാര്യ കമ്പനികള്‍ സര്‍വീസ് വെട്ടിക്കുറയ്ക്കുന്നുവെന്നതാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് കാര്‍ഗോ കോംപ്ലക്സ് പൂര്‍ത്തീകരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. 63,000 ടണ്‍ കൈകാര്യ ശേഷിയുള്ള കാര്‍ഗോ കോംപ്ലക്സാണ് പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ പണിതിരിക്കുന്നത് വെറും 1200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം മാത്രം. കാര്‍ഗോയുടെ നടത്തിപ്പ് കരാര്‍ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.
പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കും, എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്റാകും എന്നൊക്കെയുള്ള ധാരണകളും അട്ടിമറിക്കപ്പെടുന്നു. തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവും എയര്‍ ഇന്ത്യയുടെ അവസരവും ചില സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടി മാനേജ്മെന്റും ഡയറക്ടര്‍ ബോര്‍ഡും അട്ടിമറിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സമാന അവസ്ഥ തന്നെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് കരാര്‍ കാര്യത്തിലും. മദ്യനിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം ഒഴിവാക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തനക്ഷമമാകാത്തത് അന്താരാഷ്ട്ര യാത്രക്കാരെ അകറ്റുന്നു. ഇത് കിയാലിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. നിയമാനുസൃതം നല്‍കേണ്ട കമ്പനിക്ക് കരാര്‍ കൊടുക്കാതെ പകരം സിപിഎം പോളിറ്റ്ബ്യൂറോയുമായി ബന്ധമുള്ള മറ്റു ചിലര്‍ക്കാണ് കരാര്‍ നല്‍കിയത്. കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന് വാദിച്ച് ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിയാണ് കരാര്‍ നേടിയത്. ഈ നടപടിയെ മറുഭാഗം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഗൗരവമായ വിഷയമെന്നാണ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ പരാമര്‍ശിച്ചത്.
ഇത്തരത്തില്‍ അഴിമതിക്കു വേണ്ടി പല വികസന കാര്യങ്ങളും വൈകിപ്പിക്കുന്നത് കിയാലിന്റെ വികസനത്തിന് തിരിച്ചടിയായി. വിമാനത്താവളത്തിന്റെ 190 ഏക്കര്‍ ഭൂമി കിയാല്‍ ഷെയര്‍ ആക്കി മാറ്റിയതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി. തുടര്‍ന്ന് നൂറ് രൂപ പാട്ടത്തിന് കൈമാറിയ ഭൂമിയെ ഓഹരിയാക്കി മാറ്റണമെന്നാണ് കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളുടെയും അന്തസ്സത്ത. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടുകൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് തന്നെ ഇക്കാര്യം ഹൈക്കോടതിയിലും സിഎജിയുടെ മുമ്പാകെയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിമാരുടെ മക്കളടക്കം നേടുന്ന അനധികൃത നിയമനങ്ങളും വഴിവിട്ട കരാറുകളും ചോദ്യം ചെയ്യുന്ന ഘട്ടം വന്നപ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന സമീപനമാണ് കിയാലിന്റേത്. നിയമപരമായി ഓഡിറ്റിങ് സാധ്യമല്ല എന്നു വരെയായി കാര്യങ്ങള്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്കുന്ന പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യില്ലെന്നു പറഞ്ഞതോടെ മാനേജ്മെന്റ് സംശയത്തിന്റെ നിഴലിലേക്ക് വീണു. കണ്ണൂര്‍ വിമാനത്താവളത്തിനായി പണവും സര്‍ക്കാര്‍ ഭൂമിയും ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പനിയും അല്ലാത്തപ്പോള്‍ സ്വകാര്യ കമ്പനിയുമെന്നുള്ളത് വിചിത്ര ന്യായമാണ്.
മൂലധനം സ്വരുക്കൂട്ടിയാല്‍ കാര്‍ഗോ കോംപ്ലക്സ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വേറെ വഴി തേടേണ്ടിവരില്ല. എന്നാല്‍, കുത്തകമുതലാളിമാര്‍ക്ക് പണം മുടക്കാതെ ഓഹരി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഷെയറായി കൊടുക്കേണ്ട ഭൂമി പാട്ടത്തിന് നല്‍കിയത്. ഇതിനേക്കാള്‍ ഏറ്റവും കാതലായ പ്രശ്നം അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി മൂന്നു വര്‍ഷമെന്നത് മാറ്റി പ്രത്യേക അനുമതി കൊടുക്കുന്നില്ലെന്നതാണ്. എന്താണ് കേന്ദ്ര സര്‍ക്കാരിന് ഇത്തരത്തിലൊരു മനഃസ്ഥിതി ഉണ്ടാവാന്‍ കാരണം? പല ആനുകൂല്യങ്ങളും കണ്ണൂര്‍ വിമാനത്താവളത്തിന് നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരിഗണന നല്‍കാത്തത്? കേരളക്കരയെ സംബന്ധിച്ച് വളരെ പ്രസക്തമായ ചോദ്യമാണിത്. രാഷ്ട്രീയമല്ല ഇതിനു പിന്നിലെ കാരണം. മൂന്ന് സിബിഐ കേസുകളും ഏകദേശം 50,000 കോടി രൂപയുടെ അഴിമതി ആരോപണത്തിലും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് കിയാല്‍ മാനേജിങ് ഡയറക്ടര്‍.
ഇത്തരത്തില്‍ അഴിമതിയുടെ പര്യായമായി മാറിയ ഒരു ഉദ്യോഗസ്ഥനെ വിശ്വസിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയെടുത്താല്‍ അതിന്റെ ലക്ഷ്യം അഴിമതി ആയിരിക്കുമെന്ന വിമര്‍ശനം ഉയരും. അതുകൊണ്ടുതന്നെ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അഴിമതിയുടെ കറ തൊട്ടുതീണ്ടാത്ത കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അഴിമതി നിറഞ്ഞ ഒരു സംരംഭത്തിന് ഏതെങ്കിലും തരത്തില്‍ സൗജന്യങ്ങള്‍ നല്കിയാല് ഉണ്ടായേക്കാവുന്ന ആരോപണങ്ങളും മറ്റു സാങ്കേതിക വിഷയങ്ങളും നിരവധിയാണ്. വ്യോമയാന ഗതാഗതവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുണ്ടായാല്‍ അവസാനം പഴികേള്‍ക്കേണ്ടി വരുന്നത് കേന്ദ്ര സര്ക്കാരായിരിക്കമെന്ന തിരിച്ചറിവാണ് കിയാലിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രം മുഖം തിരിഞ്ഞു നില്ക്കാന് പ്രധാന കാരണം.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എംഡിയുടെ നിയമനവും സെന്‍ട്രല്‍ വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയാണ്. ഇത്തരത്തില്‍ സംസ്ഥാനം ഏകപക്ഷീയമായി മുന്നോട്ടുപോകുമ്പോള്‍ അഴിമതി തൊട്ടുതീണ്ടാത്ത കേന്ദ്ര സര്‍ക്കാരിന് അതിനോട് സഹകരിക്കാന്‍ സാധ്യമല്ല. ഈ വസ്തുതകളെല്ലാം മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഭൂമിയുടെ അവകാശം ഷെയറാക്കി മാറ്റുകയും അഴിമതിരഹിതനായ ഉദ്യോഗസ്ഥനെ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടറായി നിയമിക്കുകയും ഓഡിറ്റിങ് സുതാര്യമായി നടക്കുകയും ചെയ്താല്‍ കണ്ണൂര്‍ വിമാനത്താവളത്തെ കാത്തിരിക്കുന്നത് ഒരു വസന്ത കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: