പേരാമ്പ്ര: കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ റായ്‌പൂരിന് സമീപം നാരായണ്‍പൂരില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പേരാമ്പ്ര കല്ലോട് അയ്യപ്പന്‍ചാലില്‍ വീട്ടില്‍ ബാലന്‍ നായരുടെ മകന്‍ ഉണ്ണി എന്ന ബിജേഷി (30)ന് നാടിന്റെ അന്ത്യാഞ്ജലി.
ഇന്നലെ രാവിലെ ഏഴരയോടെ പേരാമ്പ്ര കൈതക്കലില്‍ ഭൗതികശരീരം സുഹൃത്തുക്കളും ജനപ്രതിനിധികളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലി ഏറ്റുവാങ്ങി. നൂറുകണക്കിന് വാഹനങ്ങളുടെയും സൈനിക, പോലീസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും അകമ്പടിയോടെ കല്ലോട് ബിജീഷിന്റെ വീടിന് സമീപം തയ്യാറാക്കിയ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു. സര്‍ക്കാരിന് വേണ്ടി ആര്‍ഡിഒ വി.പി. അബ്ദുറഹ്മാന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ കെ. ഗോകുല്‍ദാസ്, നാദാപുരം എഎസ്പിഅംഗിത് അശോക് എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മന്ത്രി ടി.പി.
രാമകൃഷ്ണനുവേണ്ടി പ്രൈവറ്റ് സെക്രട്ടറി സി. മുഹമ്മദും, കെ. മുരളീധരന്‍ എംപിക്ക് വേണ്ടി സത്യന്‍ കടിയങ്ങാടും പുഷ്പചക്രമര്‍പ്പിച്ചു. രാവിലെ 9.30 യോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഭാര്യ അമൃത, മകള്‍ ദക്ഷ, അച്ഛന്‍ ബാലന്‍, അമ്മ സുമ, സഹോദരന്‍ സിജീഷ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം 10 മണിയോടെ മരുമകന്‍ ബിജിത്ത് ചിതക്ക് തീ കൊളുത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ മധുര ശിവഗംഗ യൂണിറ്റിലെ കമാന്‍ഡന്റ് ജസ്റ്റിന്‍ റോബര്‍ട്ട്, ആലപ്പുഴ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ എന്‍.സി. ചാക്കോ, റായ്‌പൂര്‍ 45 യൂണിറ്റിലെ എഎസ്ഐ എസ്.കെ. സന്തോഷ് എന്നിവര്‍ ഭൗതിക ശരീരത്തെ അനുഗമിക്കുകയും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
















