ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയവരുടെ മരണത്തില്‍ പോലീസിനെ അഭിനന്ദിച്ച് ജനങ്ങള്‍. തെലങ്കാനയിലുടനീളം പോലീസുകാര്‍ക്ക് രാഖി കെട്ടിയും റോസാപ്പൂക്കള്‍ വിതറിയും ഏറ്റുമുട്ടലില്‍ പ്രതികളെ വെടിവച്ച പോലീസുകാര്‍ക്ക് സിന്ദാബാദ് വിളിച്ചും ആഘോഷങ്ങളാരംഭിച്ചു. എല്ലായിടത്തും പോലീസുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്ത്രീകള്‍ പോലീസുകാര്‍ക്ക് മധുരം നല്‍കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. സ്ത്രീകള്‍ പോലീസുകാര്‍ക്ക് രാഖി കെട്ടി, ജയ് വിളിച്ചു. അവര്‍ക്ക് നന്ദി പറഞ്ഞു. പോലീസുദ്യോഗസ്ഥര്‍ക്കും പെണ്‍മക്കളുണ്ട്. അതുകൊണ്ട് അവരുടെ ഉള്ളിലും ദേഷ്യമുണ്ട്. അവര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതില്‍ അതിയായി സന്തോഷിക്കുന്നു.
അവരില്‍ അഭിമാനം കൊള്ളുന്നു. അവരുടെ കൈയില്‍ ഞങ്ങള്‍ രാഖി കെട്ടി. കാരണം, ഞങ്ങള്‍ക്കു വേണ്ടി അവരുണ്ടെന്ന് തെളിയിച്ചിരിക്കുന്നു, ഒരു സ്ത്രീ പറഞ്ഞു.മകളുടെ ആത്മാവിന് ശാന്തി ലഭിച്ചുവെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാരിനും പോലീസിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















