ന്യൂദല്‍ഹി: ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്‍ അംബേദ്ക്കറുടെ 63-ാം ചരമദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യവും നേതാക്കളും. ഇന്ന് രാവിലെ നടന്ന ശ്രദ്ധാഞ്ജലി ചടങ്ങിന്റെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭയിലെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

വികസനത്തിനുള്ള പ്രധാന മാര്‍ഗം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണെന്ന് പ്രഖ്യാപിച്ചയാളാണ് ഡോ. അംബേദ്ക്കര്‍. അദേഹം ജനാധിപത്യത്തിന്റെ വിജയ ശില്പിയാണെന്നും ശക്തനായ ദേശഭക്തനും ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയുമാണെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ട്വീറ്റ് ചെയ്തു. രാജ്യത്തിന് ഭരണഘടനയിലൂടെ അമൂല്യമായ സമ്മാനമാണ് ഡോ. അംബേദ്ക്കര്‍ നല്‍കിയത്. രാജ്യം സമ്പൂര്‍ണ്ണമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ഡോ.ഭീംറാവു രാംജി അംബേദ്ക്കര്‍ എന്ന ബാബാസാഹേബ് അംബേദ്ക്കര്‍ 1956 ഡിസംബര്‍ ആറിനായിരുന്നു അന്തരിച്ചത്. അംബേദ്ക്കറുടെ ഭൗതികശരീരം സംസ്‌ക്കരിച്ച ചൈതന്യഭൂമിയില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ സഭയും സംഘടുപ്പിച്ചിട്ടുണ്ട്. വന്‍ തിരക്കുപ്രമാണിച്ച് 14 ദീര്‍ഘദൂര സ്പെഷ്യല്‍ ട്രെയിനുകളും 12 പ്രാദേശിക ട്രെയിനുകളും മുംബൈയില്‍ രണ്ടുദിവസത്തേക്ക് അനുവദിച്ചതായി മധ്യറെയില്‍വേ വ്യക്തമാക്കിയിരുന്നു.
















