ന്യൂദല്‍ഹി: സോണിയ ഗാന്ധിക്ക് ശേഷം വീണ്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്. കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഉടന്‍ സോണിയ ഒഴിയുമെന്നും പിന്‍ഗാമിയായി രാഹുല്‍ വീണ്ടും ചുമതലയേല്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം ആദ്യം സോണിയാരാജി വെച്ചേക്കുമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് മകന്‍ തിരിച്ചെത്തുമെന്നും എ.ഐ.സി.സി യോഗത്തില്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായി ദ പ്രിന്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബറിലേക്കായിരുന്നു എ.ഐ.സി.സി യോഗം തീരുമാനിച്ചിരുന്നത്. ഉദൈപൂരില്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് അടുത്ത വര്‍ഷം ആദ്യത്തേക്ക് പുഃനക്രമീകരിക്കുകയായിരുന്നു. ഡിസംബര്‍ അവസാനം തിയതിയും സ്ഥലവും അറിയിക്കും. ഇതിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ്.
രാഹുല്‍ തിരിച്ച് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതോടെ പാര്‍ട്ടിയില്‍ വീണ്ടും കുടുംബാധിപത്യമാണ് നടക്കുന്നതെന്ന അരോപണം ശക്തമാവും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി നേതാക്കള്‍ നോട്ടമിട്ടിരുന്നു. ഇവരെയെല്ലാം തള്ളിയാണ് രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ അധ്യക്ഷ പദവി ഒഴിയുന്നത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തിരുന്നു.
















