ധാരാവി (മഹാരാഷ്‌ട്ര): ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായെങ്കിലും ശിവസേനയുടെ പ്രവര്‍ത്തകരില്‍ അതൃപ്തി പുകയുന്നു. കഴിഞ്ഞ ദിവസം ധാരാവിയിലെ 400 ശിവസേനാ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. അധികാരത്തിനായി ഹിന്ദുത്വ ആശയങ്ങള്‍ ബലികഴിച്ച് കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ഒപ്പം ചേര്‍ന്ന ഉദ്ധവ് താക്കറെയുടെ നിലപാടില്‍ നിരാശരായ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. ഉദ്ധവ് തങ്ങളെ വഞ്ചിച്ചെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ധാരാവിയിലെ പ്രാദേശിക നേതാവ് രമേശ് നാടാരുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കം 400 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്. പത്തു വര്‍ഷമായി ശിവസേനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ശിവസേനയുടെ ഹിന്ദുത്വ ആശയമാണ് തന്നെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്ന് ചടങ്ങില്‍ സംസാരിക്കവെ രമേശ് നാടാര്‍ പറഞ്ഞു. ധാരാവിയില്‍ പാര്‍ട്ടിയുടെ ഭാരവാഹിയുമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായും എന്‍സിപിയുമായും ചേരാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം ഞെട്ടലോടെയാണ് അറിഞ്ഞത്. അത് അംഗീകരിക്കാന്‍ കഴിയില്ല, രമേശ് നാടാര്‍ പറഞ്ഞു. ഉദ്ധവിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ശിവനേനാ നേതാവ് രമേശ് സോളങ്കി കഴിഞ്ഞ ആഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.
















