കഴുത്തിലെ പിന്‍ഭാഗത്തെ രണ്ടു ഞരമ്പുകളില്‍ വായു നിറഞ്ഞ് തലയിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തി തലതിരിക്കാനും കഴുത്ത് അനക്കാനും കഴിയാത്ത അവസ്ഥയ്‌ക്കൊപ്പം രണ്ടു ചുമലിലിലും അസഹ്യമായ വേദനയോടെ കൈ മുകളിലേക്കോ പാര്‍ശ്വങ്ങളിലേക്കോ ഇളക്കാനാവാതെ വരുന്നതിനെ മാന്യാസ്തംഭം എന്നു പറയുന്നു.
മാന്യാ എന്നാല്‍ ചെറുഞരമ്പുകള്‍ എന്നര്‍ഥം. താഴെ പറയുന്ന കഷായം മാന്യാസ്തംഭത്തെ പൂര്‍ണമായും ഭേദമാക്കും. കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരിവേര്, പലകപ്പയ്യാനി വേര്, മൂഞ്ഞവേര്, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും 10 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായം എടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി ഒരു നുള്ള് ഇന്തുപ്പും കാല്‍ സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. മേമ്പൊടിയായി കാല്‍ സ്പൂണ്‍ നാരായണ തൈലം ചേര്‍ക്കുന്നതാണ് അഭികാമ്യം.
കഴുത്തില്‍ തേയ്‌ക്കാനുള്ള ലേപനം: മുരിങ്ങയില, കടുക്, മുരിങ്ങാത്തൊലി, ഇന്തുപ്പ്, ഇല്ലത്തെക്കരി ( പുകയറ) ഇവ 50 ഗ്രാം വീതമെടുത്ത് നന്നായി അരച്ച് വെണ്ണയും ആവണക്കെണ്ണയും ചേര്‍ത്ത് കുഴച്ച് കഴുത്തില്‍ തേയ്‌ക്കുക. പ്രഭഞ്ചന വിമര്‍ദ്ദന തൈലം തേയ്‌ക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍ ഈ തൈലം വീടുകളില്‍ ഉണ്ടാക്കുക പ്രായോഗികമല്ല. ഇതിനു പകരം താഴെ പറയുന്ന തൈലം ഉണ്ടാക്കി ഉപയോഗിക്കാം.
കറ്റാര്‍ വാഴപ്പോള, മുക്കാപ്പീര്യം, മുരിങ്ങാത്തൊലി എന്നിവ ഇടിച്ചു പിഴിഞ്ഞ് ഓരോന്നിന്റെയും നീര് രണ്ട് ലിറ്റര്‍ വീതമെടുക്കുക. വേപ്പെണ്ണ, കടുകെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ, നറുനെയ്യ് എന്നിവ രണ്ട് ലിറ്റര്‍ വീതവും ഇലുപ്പയെണ്ണ, ഉങ്ങെണ്ണ എന്നിവ 250 മില്ലി വീതവുമെടുത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. തിള വരുമ്പോള്‍ അതിലേക്ക് 200 ഗ്രാം വെറ്റില അരിഞ്ഞിട്ട് മൂപ്പിക്കുക. അതിനു ശേഷം 200 ഗ്രാം എരുക്കിന്റെ ഇല അരിഞ്ഞിട്ട് മൂപ്പിക്കുക. അതിലേക്ക് കുതിര്‍ത്തു വെച്ച് ഇടിച്ചെടുത്ത ചെറുജീരകം, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, കുതിര്‍ത്ത് ഇടിച്ചെടുത്ത ശതകുപ്പ, ശുദ്ധി ചെയ്യാത്ത കൊടുവേലിക്കിഴങ്ങ് അരിഞ്ഞത്, കാഞ്ഞിരക്കുരു, ചങ്ങലംപരണ്ട, ശുദ്ധി ചെയ്യാത്ത ചേര്‍ക്കുരു, നീല ഉമ്മത്തിന്റെ വേര്, വേലിപ്പരത്തി വേര്, താര്‍താവില്‍വേര്, ഇലവര്‍ങപ്പട്ട ഇവയോരോന്നും 50 ഗ്രാം വീതം ചേര്‍ത്ത് മൂപ്പിക്കണം. മേല്‍പ്പറഞ്ഞ ഔഷധികള്‍ ക്രമമനുസരിച്ച് ഓരോന്നായി മൂപ്പിച്ചതിനു ശേഷമേ അടുത്തത് എണ്ണയിലേക്ക് ഇടാവൂ. ഇവയെല്ലാം മൂത്തു കഴിഞ്ഞാല്‍ നേരത്തേ തയ്യാറാക്കി വെച്ച ഇടിച്ചു പിഴിഞ്ഞ നീരുകള്‍ ചേര്‍ക്കണം. നീരെല്ലാം വറ്റി എണ്ണ തെളിയുമ്പോള്‍ തിരിക്കള്ളി 50 ഗ്രാം അരിഞ്ഞിട്ട് മൂപ്പിക്കുക. അതു മൂത്തു കഴിഞ്ഞാല്‍ പാല്‍സാമ്പ്രാണി 50 ഗ്രാം പൊടിച്ചു ചേര്‍ത്ത് വാങ്ങുക. തിള നില്‍ക്കുമ്പോള്‍ 50 മില്ലി കര്‍പ്പൂര തൈലം ചേര്‍ത്ത് അരിച്ചെടുക്കുക. ഈ തൈലം മാന്യാസ്തംഭത്തിനു മാത്രമല്ല എല്ലാ വാതരോഗങ്ങള്‍ക്കും ചതവിനും ഉളുക്കിനും ഉപയോഗിക്കാം. വളരെ ശ്രേഷ്ഠമായ തൈലമാണിത്.
കുറിപ്പ്: ചേര്‍ക്കുരു ശുദ്ധി ചെയ്യാതെ ഉപയോഗിക്കുന്നതു കൊണ്ട് ഒരു ശതമാനം ആളുകള്‍ക്ക് ചിലപ്പോള്‍ അതിന്റെ അലര്‍ജിയുണ്ടാകാം. അങ്ങനെ വന്നാല്‍ ത്രിഫല നെയ്യില്‍ അരച്ച് ലേപനം ചെയ്താല്‍ മതി. പുരട്ടാന്‍ മാത്രമേ ഈ തൈലം ഉപയോഗിക്കാവൂ. ഉള്ളില്‍ കഴിക്കാന്‍ പാടില്ല.
















