നാലാം അദ്ധ്യായം നാലാം പാദം അഭാവാധികരണം
ഇതില്‍ 5 സൂത്രങ്ങളുണ്ട്.
സൂത്രം – അഭാവം ബാദരിരാഹ ഹ്യേവം
ബ്രഹ്മലോകത്തെ ശരീരാഭാവം ബാദരി എന്ന ആചാര്യന്‍ വിവരിക്കുന്നു.ശ്രുതിയും ഇങ്ങനെ പറയുന്നുണ്ട്.ശരീരമില്ലെന്നാണ് ബാദരിയുടെ അഭിപ്രായം. മുക്ത പുരുഷന്‍ സങ്കല്പം കൊണ്ട് ദിവ്യഭോഗങ്ങളെ അനുഭവിക്കും എന്ന് പറഞ്ഞപ്പോള്‍ ഭോഗഭുക്തിയ്‌ക്ക് ശരീരത്തെ സ്വീകരിക്കുമോ എന്ന് സംശയമുണ്ടാകാം. അതിന് ഇവിടെ മറുപടി നല്‍കുന്നു.
സങ്കല്പം കൊണ്ട് തന്നെ ഉയര്‍ത്തപ്പെട്ട മുക്തന് ശരീരമോ ഇന്ദ്രിയങ്ങളോ ഇല്ല. മനസ്സ് കൊണ്ടാണ് അവര്‍ കാമങ്ങളെ കാണുന്നത്. ഛാന്ദോഗ്യത്തില്‍ ‘മന സൈ വൈ താന്‍ കാമാന്‍ പശ്യന്‍ രമതേ’ മനസ്സിനാലാണ് കാമനകളെ കണ്ട് രമിക്കുന്നത് എന്ന് പറയുന്നു. ബാദരി എന്ന ആചാര്യനും ഇതേ അഭിപ്രായമാണ്.ബ്രഹ്മലോകത്ത് സ്ഥൂല ശരീരമില്ല. ബ്രഹ്മലോകം സൂക്ഷ്മമാണ്.സ്ഥൂലത്തിന് സ്ഥാനമില്ല.അതിനാല്‍ സൂക്ഷ്മ മനസ്സാലാണ് ദിവ്യഭോഗങ്ങള്‍ അനുഭിക്കുന്നത്.മുക്തപുരുഷന്‍ ദിവ്യരൂപസമ്പന്നനാണെന്ന് പറഞ്ഞിട്ടുണ്ട്. ദിവ്യരൂപം സ്ഥൂല ശരീരമാകില്ല. അതു കൊണ്ട് ശരീര അഭാവം ബാദരിയും ശ്രുതിയും ശരിവെയ്‌ക്കുന്നു.
സൂത്രം – ഭാവം ജൈമിനിര്‍വികല്പാമനനാത്
ജൈമിനി എന്ന ആചാര്യന്‍ മുക്താത്മാവിന് ശരീരം ഇന്ദ്രിയങ്ങള്‍ മുതലായവയുണ്ടെന്ന് പറയുന്നു. ശ്രുതിയില്‍ അല്പം സംശയത്തോടെ പറഞ്ഞതിനാലാണിത്.കാര്യബ്രഹ്മത്തിലും മുക്ത പുരുഷന് സ്ഥൂല ശരീര സംബന്ധമുണ്ടെന്നാണ് ജൈമിനിയുടെ അഭിപ്രായം. ഇക്കാര്യം ശ്രുതി സംശയമായി പറഞ്ഞിട്ടുണ്ട്.
ഛാന്ദോഗ്യത്തില്‍ ‘സ ഏകധാ ഭവതി ത്രിധാ ഭവതി’ അത് ഒരു വിധത്തിലും പലവിധത്തിലുമിരിക്കുന്നുവെന്ന് പറയുന്നു.ശരീരം മുതലായവയില്ലാതെ അനേക വിധമാകാന്‍ കഴിയില്ല. അതിനാല്‍ മുക്താത്മാവിന് ശരീര ഇന്ദ്രിയഭാവം യുക്തമാണ്.കാര്യബ്രഹ്മമായ ബ്രഹ്മലോകത്തിലെത്തിയാലും സ്ഥൂലശരീര സംബന്ധം ഉണ്ടാകും. ശ്രുതി കൊണ്ട് അങ്ങനെ അറിയണമെന്ന് അദ്ദേഹം പറയുന്നു.
സൂത്രം – ദ്വാദശാഹവദുഭയവിധം ബാദരായണോളതഃ
അതിനാല്‍ ബാദരായണന്‍ എന്ന ആചാര്യന്‍ ദ്വാദശാഹം എന്ന യാഗം പോലെ രണ്ട് വിധവും ശരി തന്നെ എന്ന് കരുതുന്നു.മുക്ത പുരുഷന് സ്ഥൂല ശരീര സംബന്ധം ഉണ്ടാവുകയോ അല്ലാതെയോ ആകാം.ദ്വാദശാഹം എന്ന യാഗത്തിന് സത്ര മെന്നും അഹീനമെന്നും രണ്ട് പേര് ഉള്ളതുപോലെ ബ്രഹ്മത്തെ ശരീരത്തോടു കൂടിയവനായും ശരീരമില്ലാത്തവനായും പറയുന്നു. അത് ഒന്ന് മാത്രമേയുള്ളൂ. സത്രമെന്നാല്‍ പലര്‍കൂടി ചെയ്യുന്നതും (അനേക കത്തൃകവും ) അനീഹമെന്നാല്‍ നിയത കര്‍ത്തൃകവുമാണ്. വേറെ പേരുകള്‍ പറഞ്ഞാലും കിയാ വിധാനങ്ങള്‍ക്ക് മാറ്റമില്ല. അതുപോലെ മുക്താത്മാവിനും ശരീരമുണ്ടായാലും ഇല്ലെങ്കിലും ശാരീരിക ബാധകളൊന്നുമില്ല. രണ്ടു തരത്തിലായാലും അനുഭവത്തിന് വിശേഷമൊന്നുമില്ല. ഇങ്ങനെയായതിനാല്‍രണ്ട് തരത്തില്‍ ശ്രുതി വാക്യങ്ങളില്‍ പറഞ്ഞാലും അവ വിരുദ്ധമാകില്ല എന്ന് ബാദരായണന്‍ പറയുന്നു.
സൂത്രം – തന്വഭാവേ സന്ധ്യവദുപപത്തേഃ
ശരീരമില്ലാത്തപ്പോള്‍ സ്വപ്‌നത്തിലെന്ന പോലെ ഭോഗ അനുഭവമുണ്ടാകുന്നു.ശരീര അഭാവത്തിലും ഭോഗത്തിന് തടസ്സമില്ലാത്തതിനാല്‍ യുക്തി വിരുദ്ധം ആവുകയില്ല.സ്വപ്‌നത്തില്‍ ശരീരവും ഇന്ദ്രിയങ്ങളുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിഷയനുഭവം ഉണ്ടാകാറുണ്ട്. സ്വപ്‌നത്തില്‍ മനസ്സ് കൊണ്ട് എല്ലാ ഭോഗങ്ങളേയും അനുഭവിക്കും.
സൂത്രം – ഭാവേ ജാഗ്രദ്വത്
ശരീരാദികളുള്ളപ്പോള്‍ ജാഗ്രദവസ്ഥയിലെന്നപോലെയുണ്ടാവാം. സ്ഥൂല ശരീരമുണ്ടെങ്കില്‍ ജാഗ്രദവസ്ഥയിലെന്ന പോലെ ഭോഗങ്ങളെ അനുഭവിക്കാം.ശരീരം, ഇന്ദ്രിയങ്ങള്‍ മുതലായവയുള്ളപ്പോള്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് പല ഭാവങ്ങളുണ്ടാകുന്നതു പോലെ മുക്തനും ആ അവസ്ഥയില്‍ ഭാവം ഉണ്ടാകുന്നതില്‍ വിരോധമില്ല.സ്ഥൂല ശരീരമുണ്ടെങ്കിലും ഇല്ലെങ്കിലും ഭോഗ അനുഭൂതിയ്‌ക്ക് തടസ്സമില്ല.ശരീരത്തോടു കൂടി മുക്താവസ്ഥയിലിരിക്കുമ്പോഴും ഭാവങ്ങളോ ഭോഗങ്ങളോ ഉണ്ടാകാം.മുക്തനായാലും പ്രാരബ്ധ കര്‍മ്മങ്ങള്‍ ഉള്ള കാലത്തോളം ഈ ദേഹം നിലനില്‍ക്കും. ദേഹം വെടിയുമ്പോള്‍ മോക്ഷ പദം പ്രാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: