കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്ന് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവായി. മരട് ഫഌറ്റു കേസിന്റെ ചുമതലയുള്ള തനിക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാകേണ്ടി വരുന്ന സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസും ഇതേ കോടതിയില്‍ നിലവിലുള്ളത് ഉചിതമാവില്ലെന്ന് വ്യക്തമാക്കി തച്ചങ്കരി നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലായ് നാലുവരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസാണ് മൂവാറ്റുപുഴ കോടതിയിലുണ്ടായിരുന്നത്. നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതിയിലായിരുന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിലവില്‍ വന്നതോടെ ഇവിടേക്ക് മാറ്റുകയായിരുന്നു. മരട് ഫഌറ്റ് കേസിന്റെ അന്വേഷണ ചുമതല തച്ചങ്കരിയെ ഏല്‍പിച്ചതോടെ പ്രതിയായും അന്വേഷണ ഉദ്യോഗസ്ഥനായും വിവിധ കേസുകളില്‍ ഒരേ കോടതിയില്‍ ഹാജരാകേണ്ട സ്ഥിതിയാണ് തനിക്കുള്ളതെന്നും ഇതു കോടതിക്ക് മുന്‍വിധിയുണ്ടാക്കാന്‍ കാരണമാകുമെന്ന ആശങ്കയുണ്ടെന്നും തച്ചങ്കരിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
















