കൊല്‍ക്കത്ത: ബംഗാളില്‍ മമതാ സര്‍ക്കാര്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ അപമാനിച്ചു. ഇന്നലെ നിയമസഭ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ എത്തുന്നതറിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം സഭാ കവാടം അടച്ചിടുകയായിരുന്നു.ധന്‍കര്‍ അധികാരമേറ്റതു മുതല്‍ മമത അദ്ദേഹവുമായി ഏറ്റുമുട്ടലിലാണ്. ഇതിന്റെ ഭാഗമാണ് ഇന്നലത്തെ സംഭവവും.
ചരിത്രമുറങ്ങുന്ന നിയമസഭാ മന്ദിരവും ലൈബ്രറിയും മറ്റും സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അടുത്ത ദിവസം ഇവിടെയെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം രേഖാമൂലം നിയമസഭാ സ്പീക്കറെ അറിയിക്കുകയും ചെയ്തിരുന്നു.
ഗവര്‍ണര്‍ എത്തുമെന്നു കണ്ട്, നിയമസഭാ സമ്മേളനം നടന്നുവരുന്നതിനിടെ പൊടുന്നനെ മമതയുടെ നിര്‍ദേശപ്രകാരം രണ്ടു ദിവസം സഭ നിര്‍ത്തിവച്ചു. സഭയുടെ പ്രധാനകവാടങ്ങളും അടച്ചിട്ടു. ഗവര്‍ണറെ അപമാനിക്കാന്‍ ആസൂത്രിതമായിട്ടാണ് ഇങ്ങനെ ചെയ്തത്.ഇന്നലെ രാവിലെ ഗവര്‍ണര്‍ എത്തിയപ്പോള്‍ വിവിഐപികള്‍ക്കും മറ്റും പ്രവേശിക്കാനുള്ള കവാടം അടച്ചിട്ടിരിക്കുകയായിരുന്നു. പക്ഷെ അദ്ദേഹം പിന്‍തിരിഞ്ഞില്ല. തുറന്നു കിടന്ന രണ്ടാം കവാടം വഴി അകത്തു കടന്നു. മന്ദിരവും മറ്റും കണ്ട ശേഷം പുറത്തിറങ്ങിയ അദ്ദേഹം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു.’ഞാന്‍ വന്നപ്പോള്‍ വിവിഐപികള്‍ക്കുള്ള കവാടം അടച്ചിട്ടിരിക്കുകയായിരുന്നു. നിയമസഭ ചേരുന്നില്ല എന്നാല്‍, സഭാമന്ദിരം പൂട്ടിയിടണമെന്നല്ല അര്‍ഥം. നിയമസഭാ സെക്രട്ടേറിയറ്റ് വര്‍ഷം മുഴുവന്‍ തുറന്നാണ് കിടക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
സഭയില്‍ അവതരിപ്പിക്കേണ്ട ചില ബില്ലുകളില്‍ സംശയം ഉള്ളതിനാല്‍ അവയ്‌ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. ബില്ലുകള്‍ പരിശോധിച്ചശേഷമേ ഒപ്പിടൂയെന്നും താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ സഭ ചേരുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞാണ് മമത നിയമസഭ രണ്ടു ദിവസത്തേക്ക് അടിയന്തരമായി നിര്‍ത്തിവച്ചത്. എന്നാല്‍, ഗവര്‍ണറുടെ സന്ദര്‍ശനം അലങ്കോലമാക്കുകയായിരുന്നു ഇതിലൂടെ മമത ലക്ഷ്യമിട്ടത്. ഇന്ന് രാവിലെ 11 വരെയാണ് സഭ നിര്‍ത്തിവച്ചത്.
















