ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരം ചെയ്തതിനല്ല, പി. ചിദംബരം ജയിലില്‍ പോയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ജാമ്യത്തില്‍ പുറത്തിറങ്ങിയ ചിദംബരം തന്റെ കൈകള്‍ ശുദ്ധമാണെന്നും മന്ത്രി എന്ന നിലയില്‍ തന്റെ ഭാഗത്ത് തെറ്റുകളൊന്നുമില്ലെന്നും പറഞ്ഞിരുന്നു. ചിദംബരത്തിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ജാവദേക്കറുടെ വിമര്‍ശനം.
ജാമ്യത്തിലിറങ്ങുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തില്ലെന്ന് ചിദംബരം കോടതിയോട് പറഞ്ഞിരുന്നു. ചിദംബരം ചെയ്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. ഇത്തരം പ്രവണത കോടതിയെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ജാമ്യത്തിലിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സ്വാതന്ത്ര്യസമരത്തിനു പോയിട്ട് വരുന്നതുപോലെ ചിലര്‍ കാണുന്നത് നിരാശാജനകമാണെന്നും ജാവദേക്കര്‍ പറഞ്ഞു.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ 106 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തരുതെന്ന് സുപ്രീംകോടതി ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് ലക്ഷം രൂപയും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ച ശേഷമാണ് ചിദംബരം ജാമ്യം നേടിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നും ചിദംബരത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.
















