ധാരാവി : മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്സിനും എന്‍സിപ്പിക്കും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് 400 ശിവസേന പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പദത്തിനു വേണ്ടി ഉദ്ധവ് താക്കറെ ബദ്ധ വൈരികളായിരുന്ന കോണ്‍ഗ്രസ്സിനും എന്‍സിപിക്കുമൊപ്പം ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.
ബുധനാഴ്ച ധാരാവിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് ഇവര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. ശിവസേനയുടെ ഹിന്ദുത്വ നിലപാടുകളെ പിന്തുണച്ച് പത്തു വര്‍ഷമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ഓഫീസും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിവിട്ട് ഇപ്പോള്‍ എന്‍സിപിക്കും കോണ്‍ഗ്രസ്സിനുമൊപ്പം ചേര്‍ന്ന് മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തെ പിന്തുണയ്‌ക്കാന്‍ സാധിക്കില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കുവെയ്‌ക്കണമെന്ന പിടിവാശിയിലാണ് ശിവസേന സഖ്യം ഉപേക്ഷിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഇത്തരത്തില്‍ ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞമാസം 28നാണ് ശിവസേന എന്‍സിപിയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. ഉദ്ധവ് താക്കറെയും മറ്റ് മന്ത്രിമാരും ചുമതലയേറ്റെങ്കിലും എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മില്‍ വകുപ്പുകള്‍ക്കുവേണ്ടി തമ്മിലടി നടക്കുന്നതിനാല്‍ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
















