കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണറെ അകത്തേയ്‌ക്ക് പ്രവേശിപ്പിക്കാതെ നിയമസഭാ കവാടം പുറത്തുനിന്നും അടച്ചിട്ടു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനോടുള്ള മമത ബാനര്‍ജി വിദ്വേഷം സ്പീക്കറും ഏറ്റുപിടിക്കുന്ന വിധത്തിലാണ സംസ്ഥാനത്തെ നിയമസഭയില്‍ അരങ്ങേറിയിത്.
പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് ധന്‍കര്‍ ഇന്ന് കൊല്‍ക്കത്തയില്‍ നിയമസഭ സന്ദര്‍ശിക്കാനായി എത്തിയത്. മുന്‍കൂട്ടി അറിയിച്ചിട്ടും ഗവര്‍ണര്‍ എത്തിയപ്പോള്‍ നിയമസഭാ മന്ദിരത്തിന്റെ എല്ലാ ഗേറ്റുകളും അടച്ചിട്ട നിലയിലായിരുന്നു. ഏറെ നേരം വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റിന് മുമ്പിലായി അദ്ദേഹം നിലയുറപ്പിച്ചെങ്കിലും ആരും തുറന്നില്ല. പിന്നീട് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും മറ്റും പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് ഗവര്‍ണര്‍ അകത്ത് പ്രവേശിച്ചത്.
സുപ്രധാന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയത്. പിന്നെ എന്ത് കൊണ്ടാണ് ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നത്. സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല. ലജ്ജാകരമായ നടപടിയാണിത്. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ സ്പീക്കര്‍ തന്നെ ഇന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. അവസാന നിമിഷം അത് റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ചരിത്രപരമായ കെട്ടിടവും അതിനകത്തുള്ള ലൈബ്രറിയും കാണുക എന്ന ലക്ഷ്യം മാത്രമാണ് തന്റെ സന്ദര്‍ശനത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധന്‍കര്‍ ഗവര്‍ണാറായി ചുമതലയേറ്റെടുത്ത ശേഷം ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും അദ്ദേഹത്തെ ഇതുവരെ കാണാന്‍ ചെന്നിട്ടില്ല. ബുധനാഴ്ച കൊല്‍ക്കത്ത യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ വൈസ് ചാന്‍സിലര്‍ സോണാലി ചക്രവര്‍ത്തിയും ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു.
സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതുമുതല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അതിര്‍ത്തിയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹെലിക്കോപ്ടര്‍ പറത്താന്‍ ഗവര്‍ണര്‍ അനുമതി തേടിയെങ്കിലും അതും നിരസിച്ചു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും ബംഗാള്‍ അതിര്‍ത്തിയിലേക്ക് കാറിലാണ് ഗവര്‍ണര്‍ സഞ്ചരിച്ചത്.
















