ലഖ്നൗ: ലൈംഗിക അതിക്രമത്തെ അതിജീവിച്ച ഉന്നാവോ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംഭവത്തില്‍ ശക്തമായി നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച വൈകിട്ടോടെ സമര്‍പ്പിക്കണം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കിയ യോഗി എല്ലാവിധ പിന്തുണയും പെണ്‍കുട്ടിക്ക് നല്കുമെന്നും ഉറപ്പ് പറഞ്ഞു.
അഞ്ചുപേരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിക്കെതിരെ അക്രമം നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
കേസിലെ പ്രധാന പ്രതിയായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയില്ലാത്തതിനാല്‍ പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു.
















