വത്തിക്കാന് സിറ്റി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള കേസുകളില്‍ നടപടിയെടുക്കാതെ പൂഴ്‌ത്തിവെച്ച് വിവാദത്തിലായ വൈദികന്‍ രാജിവെച്ചൊഴിഞ്ഞു. യുഎസ് ബിഷപ് റിച്ചാര്‍ മാലോണാണ് രാജിവെച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് രാജിവെക്കുന്നത്. വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
എഫ്ബിഐ അന്വേഷണം നടത്തിവരുന്ന കുട്ടികള്‍ക്കു നേരെയുള്ള 200 ഓളം പീഡനക്കേസുകളാണ് ഇയാള്‍ നടപടിയെടുക്കാതെ തഴഞ്ഞ് വെച്ചിരുന്നത്. നടപടിയെടുക്കാതെ പുരോഹിതരെ സംരക്ഷിക്കുന്ന നിലപാടാണ് മലോണ്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ബിഷപ്പിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. പ്രതിഷേധം കനത്തതോടെ രൂപതാ അധികാരപ്പദവിയില്‍ നിന്നു രാജിവെയ്‌ക്കാന്‍ യുഎസ് സ്വദേശിയായ ബിഷപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു.
രാജ്യത്തെ കുട്ടികള്‍ക്കു നേരെയുണ്ടായിട്ടുള്ള ലൈംഗികാതിക്രങ്ങള്‍ക്കെതിരെ നടപടിക്കായി പള്ളിയിലെ അഭിഭാഷകര്‍ മലോണിനെ സമീപിക്കുന്നതും ഇയാള്‍ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. സെമിനാരി പാസ്റ്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളില്‍ നടപടി സ്വീകരിച്ചാല്‍ തന്റെ ബിഷപ്പ് പദവി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മാലോണ്‍ നടപടി സ്വീകരിക്കാതിരുന്നത്.
2018 വരെ ഇത്തരത്തില്‍ ഉയര്‍ന്നിട്ടുള്ള 200 ഓളം ആരോപണങ്ങള്‍ക്കാണ് ഇയാള്‍ നടപടിയെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട്‌സ്വീകരിച്ചത്. 2018 മാര്‍ച്ചില്‍ മാലോണ്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ 42 പുരോഹിതന്മാര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉള്ളതായി പറയുന്നുണ്ട്. എന്നാല്‍ ഇയാളുടെ മുന്‍ അസിസ്റ്റന്റ് പറയുന്നത് നൂറോളം പുരോഹിതരാണ് ഇതില്‍ ഉണ്ടായിരുന്നത് എന്നാണ്.
ഇയാള്‍ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടപടി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇയാളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് 12000 ആളുകള്‍ ഒപ്പുവെച്ച നിവേദനവും വത്തിക്കാന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
73ാം വയസ്സിലാണ് ബിഷപ്പ് മാലോണ്‍ രാജിവെക്കുന്നത്. 75ാം വയസ്സില്‍ വിരമിക്കാനിരിക്കേ രണ്ടുവര്‍ഷം മാത്രം ഉള്ളപ്പോഴാണ് ഈ നടപടി. തനിക്കെതിരെ ശക്തമായി ആരോപണങ്ങള്‍ ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് സ്ഥാനം രാജിവെച്ച് ഒഴിയാന്‍ തീരുമാനിച്ചതെന്ന് ബിഷപ്പ് മാലോണ്‍ പ്രതികരിച്ചു.
















