സാഹിത്യഭാഷ, രാഷ്ട്രീയ ഭാഷ, പത്രഭാഷ, ചാനല്‍ ഭാഷ…മലയാളത്തെ സമ്പന്നമാക്കുന്ന ഈ നിരയില്‍ ‘ഭരണഭാഷയും സ്ഥാനം പിടിച്ചിരിക്കുന്നു. ഭരണഭാഷ മാതൃഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പല വകുപ്പുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണത്രെ. ഭരിക്കുന്നതിനെക്കാളേറെ വിഷമമാണ് ഭരണം മലയാളത്തിലാക്കുന്നതിനെന്ന് ചില ഉദ്യോഗസ്ഥ പ്രമുഖര്‍ രഹസ്യമായി പറയുന്നതായി വാര്‍ത്തയുണ്ട്.
ചില വകുപ്പുകള്‍ ഉത്തരവുകള്‍ മലയാളത്തില്‍ ഇറക്കിത്തുടങ്ങി. ഭരണ മലയാളം അങ്ങനെ പൊതുജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. ഇതിലെ ചില വാക്കുകളും പ്രയോഗങ്ങളും മറ്റെങ്ങും കാണാന്‍ കഴിയില്ലെന്നാണ് ചില ഭാഷാ നിരീക്ഷകര്‍ പറയുന്നത്. ചില ഉത്തരവുകളുടെ ‘ഉദ്ദേശ്യ ലക്ഷ്യങ്ങള്‍’ മനസ്സിലാക്കാന്‍ ജഗത്തിന് ഭാഷാപണ്ഡിതരെ കാണേണ്ടിവരുന്നതായി പരാതിയുണ്ട്.
ഭരണഭാഷാ വിദഗ്ദ്ധരില്‍ ചിലരുടെ പ്രയോഗങ്ങള്‍ നേരംപോക്കിനും വക നല്കുന്നു.
ഒരു സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന്:”എല്ലാ ക്ലാസ് മുറികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ വിഷജന്തുക്കള്‍ വരുന്നതിനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അങ്ങനെ കണ്ടെത്തിയാല്‍ ആയത് സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.”വിഷജന്തുക്കളുടെ ലോകം എത്ര വിപുലമാണെന്നോര്ത്ത് ആരും അദ്ഭുതപ്പെട്ടു പോകും.”ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറാന്‍ സാധ്യതയുണ്ടോ എന്ന് അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ സുരക്ഷിതത്വ നടപടികളെടുക്കുകയും ചെയ്യേണ്ടതാണ്” എന്നെഴുതിയാല്‍ അര്‍ത്ഥം വ്യക്തമാകും, ദുസ്സൂചന ഒഴിവാകും.
മറ്റൊരു ഉത്തരവിന്റെ ഭാഗം:”മസ്റ്ററിംഗിനായി അക്ഷയയില്‍ എത്തിച്ചേരാന്‍ കഴിയാത്ത പെന്ഷന് ഗുണഭോക്താക്കള്‍ (സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്ഷന്) ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.”’നിര്‍ദ്ദിഷ്ട’ പല ഉത്തരവുകളിലും ‘നിര്‍ദ്ധിഷ്ട’യാകുന്നു.
പത്രങ്ങളില്‍നിന്ന്:”ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.”
”ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ക്കും…” എന്നേ വേണ്ടൂ. ”ഇരു ചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും” എന്നെഴുതിയാലും അഭംഗി ഒഴിവാക്കാം.”പരിഷ്കൃതവും സാക്ഷരവുമായ ഒരു സമൂഹത്തില്‍ ഒട്ടും നിരക്കുന്ന റോഡുഗതാഗത സംവിധാനമല്ല കേരളത്തില്‍ ഉള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.””…സമൂഹത്തിന് ഒട്ടും നിരക്കുന്ന…” എന്നുവേണം.
മുഖപ്രസംഗത്തില്‍നിന്ന്:”ഖജനാവു കൊള്ളയ്ക്കു കൂട്ടുനില്‍ക്കുന്ന മന്ത്രിമാര്‍ കല്‍ത്തുറുങ്കിലേക്കു കാലുനീട്ടി നില്‍ക്കുന്നതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.”അര്‍ത്ഥം ആലോചിച്ചു കണ്ടുപിടിക്കുക. കേരളത്തിന്റെയല്ല. ഈ വാക്യത്തിന്റെ അവസ്ഥയോര്‍ത്താവും വായനക്കാര്‍ പരിതപിക്കുക!
ലേഖനത്തില്‍നിന്ന്:”കേന്ദ്രോന്മുഖ ബലങ്ങളെ മറികടക്കുകയും കേന്ദ്ര പരാങ്മുഖങ്ങള് പ്രബലമായിരിക്കുന്നതുമായ ഭാഷാ സ്വരൂപമാണ് വി.കെ. എന്നിന്റേത്.”വി.കെ എന്നിന്റെ ഭാഷാസ്വരൂപം എന്തെന്ന് മനസ്സിലായിക്കാണുമല്ലോ.ഇതര സംസ്ഥാനക്കാര്‍ വളരെ വേഗം മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതായി വാര്‍ത്ത കണ്ടു. ഇതര സംസ്ഥാനക്കാര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന് ‘ചങ്ങാതി’ എന്ന പേരില്‍ നടത്തുന്ന മലയാള പഠന കേന്ദ്രത്തിലെ അധ്യാപകരാണ് അവിടത്തെ പഠിതാക്കളുടെ മികവിനെക്കുറിച്ചു പറയുന്നത്.ഇതര ജോലികള്ക്കെന്നപോലെ മലയാളഭാഷാ സംരക്ഷണത്തിനും നമുക്ക് ഇതര സംസ്ഥാനങ്ങളിലെ ഈ ‘ചങ്ങാതി’മാരെ നിയോഗിക്കാം!
പിന്കുറിപ്പ്:ഓരോ സ്കൂളും പാഠപുസ്തകമാകണം-വിദ്യാഭ്യാസ മന്ത്രി.ചില സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ‘പരീക്ഷ’യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: