ശബരിമല: ഡിസംബര്‍ ആറ് കണക്കിലെടുത്ത് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ഇന്നുമുതല്‍ സുരക്ഷാപരിശോധന കര്‍ശനമാക്കുമെന്ന് സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചായിരിക്കും സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.
കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകളും ബാഗുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സ്കാനറുകളും എത്തിക്കും. ഇപ്പോള്‍ മൂന്ന് സ്കാനറുകളാണ് സന്നിധാനത്തുള്ളത്. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസിബിള്‍ ടീമിന്റെ പരിശോധനയും ശക്തമാക്കും. ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈഎസ്പിമാര്‍ക്കാണ്. 25 കമാന്‍ഡോകളും സന്നിധാനത്തുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
സന്നിധാനത്തും സമീപമുള്ള വനപ്രദേശങ്ങളിലും ഇന്ന് പരിശോധന നടത്തും. പ്രധാനകേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഒരുക്കും. പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ജോലി നോക്കുന്നവരെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്ന ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.
ട്രാക്ടറിലും തലച്ചുമടായും സന്നിധാനത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. പമ്പയില്‍ നിന്ന് നീലിമലവഴിയും സ്വാമി അയ്യപ്പന് റോഡുവഴിയും സത്രം-പുല്‍മേട് വഴിയും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകരെ മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. മാളികപ്പുറം ഫ്ളൈഓവറിലൂടെയും ഭസ്മക്കുളത്തിലേക്കുള്ള പടിക്കെട്ട് വഴിയും തീര്‍ഥാടകരെ സോപാനത്തേക്ക് കടത്തിവിടില്ല.
ആവശ്യത്തിന് ശര്‍ക്കര എത്തിക്കാത്തത് മൂലം കരാറെടുത്ത കമ്പനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്കി.മഹാരാഷ്ട്രയിലെ വര്‍ദ്ദാന്‍ ആഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുമെന്ന് കാട്ടി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കത്ത് നല്‍കിയത്.
നവംബര്‍ 15നകം 10 ലക്ഷം കിലോ ശര്‍ക്കരയും മുപ്പതിനകം 10 ലക്ഷം കിലോ ശര്‍ക്കരയും ഉള്‍പ്പടെ 20 ലക്ഷം കിലോ ശര്‍ക്കര എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തി പതിനെണ്ണായിരം കിലോ ശര്‍ക്കര മാത്രമാണ് എത്തിച്ചത്. ഇതോടെ ശര്‍ക്കര പ്രതിസന്ധി രൂക്ഷമായി. ദേവസ്വത്തിന് ലോക്കല്‍ പര്‍ച്ചേസ് വഴി 10 ലക്ഷം കിലോ ശര്‍ക്കര വാങ്ങേണ്ടിവന്നു. തിരുവനന്തപുരത്തുള്ള ശിവാ കൊമേഴ്സല്‍ എന്ന സ്ഥാപനത്തില്‍നിന്നാണ് അഞ്ച് ലക്ഷം കിലോ ശര്‍ക്കര വാങ്ങിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം വാങ്ങി സംഭരിച്ച ആറ് ലക്ഷം കിലോ ശര്‍ക്കര മിച്ചമുള്ളതുംകൂടി ഉപയോഗിച്ചാണ് ഇതുവരെ പിടിച്ചുനിന്നത്. നിലവില്‍ ഒന്നര ലക്ഷം കിലോ ശര്‍ക്കര മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് മൂന്ന് ദിവസത്തെ ഉപയോഗത്തിന് മാത്രമേ തികയുകയുള്ളൂ. ലോക്കല്‍ പര്‍ച്ചേസിന്റെ രണ്ട് ലക്ഷം കിലോ ശര്‍ക്കര രണ്ടുദിവസത്തിനുള്ളില്‍ എത്തുമെന്നതിനാല്‍ പ്രസാദവിതരണത്തെ ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: