മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്ക്കുരു
മാമേ വൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോസി മേ
(അധ്യായം 18 മോക്ഷ സംന്യാസ യോഗം ശ്ലോകം65)
അന്വയം: മന്മനാഃ ഭവ മദ്ഭക്തഃ മദ്യാജീ മാം നമസ്
കുരു. മാം ഏവ ഏഷ്യസി (ഇതി) സത്യം പ്രതിജാനേ.
(ത്വം) മേ പ്രിയഃ അസി.
അന്വയാര്ഥം
എന്നില്‍ മനസ്സുള്ളവനായി നീ ഭവിക്കുക. എന്റെ ഭക്തനായിത്തീരുക. എനിക്കുവേണ്ടി യജ്ഞം ചെയ്യുന്നവനാകുക. എന്നെ നമസ്ക്കരിക്കുക. എന്നെത്തന്നെ നീ പ്രാപിക്കുമെന്ന് സത്യമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്ക് പ്രിയനാകുന്നു.
പരിഭാഷ: ഒന്നോര്‍ക്കുക. ജീവിതത്തിന്റെ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തിയ നാമെല്ലാവരും അര്ജുനന്മാരാണ്. നമ്മളോടായി ഭഗവാന് ഇങ്ങനെ പറയുന്നു. : ‘നിന്റെ മനസ്സും ഭക്തിയും യജ്ഞവും നമസ്ക്കാരവും മോക്ഷരൂപിയായ പരമാത്മാവില്‍ സമര്‍പ്പിച്ചു കൊള്ളുക. ഞാന്‍ പ്രതിജ്ഞചെയ്യുകയാണ്. അപ്രകാരം ചെയ്യുന്ന പക്ഷം നീ ആ പരമാത്മാവിനെ തന്നെ പ്രാപിക്കും.’ സാധനയുടെ വിജയകരമായ സമാപ്തിക്ക് നാലു വ്യവസ്ഥകള്‍ ഭഗവാന് വെയ്ക്കുന്നു. കര്‍മയോഗത്തിന്റെ രഹസ്യം ശരണാഗതി തന്നെ. ഭക്തന് മുപ്പത്താറോളം ലക്ഷ്ണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് ‘അവന് എനിക്കു പ്രിയന്’ സുമേ പ്രിയഃ എന്ന് പലവുരു ഭഗവാന് പറയുന്നുമുണ്ട്. ഒമ്പതാം അധ്യായത്തിലെ മുപ്പത്തി നാലാം ശ്ലോകം ഇവിടെ ചേര്‍ത്തു വയ്ക്കുക. ‘മന്മനാ’, ‘മദ് ഭക്തഃ ‘ ‘മദ്യാജീ”നമസ്കുരു’ ഇവകൊണ്ട് ധ്യാനയോഗവും ജ്ഞാനയോഗവും ഭക്തിക്രമവും പൂജാവിധിയും ഭഗവാന് സൂചിപ്പിക്കുന്നു. നമുക്കിങ്ങനെ പറയാം: ഭക്തന് പരമാത്മാവു തന്നെ പരമാശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: