തിരുവനന്തപുരം: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ മെഡിസിന്, ഡെന്റിസ്ട്രി, ഹെല്‍ത്ത്വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍, ഹെല്‍ത്ത് വിഷയങ്ങളില്‍ മുന്‍നിരയിലുള്ളവയെയാണ് ടിഎച്ച്ഇ വേള്‍ഡ് സബ്ജക്ട് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുന്നത്.
ചാന്‍സിലര്‍ ശ്രീമത് മാതാ അമൃതാനന്ദമയീ ദേവിയുടെ സവിശേഷമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും നടപ്പാക്കുന്നതിനായി ഫാക്കള്‍ട്ടി അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്തിയ അശ്രാന്തപരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബല്‍ റാങ്കിംഗ്സ് ആന്‍ഡ് അക്രഡിറ്റേഷന് ഡയറക്ടര്‍ ഡോ. രഘു രാമന് പറഞ്ഞു.
അനുകമ്പ നിറഞ്ഞതും രോഗീസൗഹൃദവുമായ അന്തരീക്ഷത്തില്‍ സാധാരണക്കാര്‍ക്കായി കുറഞ്ഞ ചെലവിലുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 1998-ല്‍ ആരംഭിച്ചതാണ് അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഭാഗമായുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന് എയിംസിലെ മെഡിക്കല്‍ സയന്‍സസ് ഫാക്കള്‍ട്ടിയും ഡീനുമായ ഡോ. പ്രേംകുമാര്‍ നായര്‍ പറഞ്ഞു. 1300 കിടക്കകളുള്ള ടേര്‍ഷ്യറി ആരോഗ്യസേവനം നല്കുന്ന ആശുപത്രി തുടക്കം മുതല്‍ പ്രതിബദ്ധതയോടെ രോഗീപരിചരണത്തിനും സുസ്ഥിരമായ സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചുവരുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷണലുകളുടെയും ആത്മസമര്‍പ്പണവും സഹകരണവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയും വഴി നേടിയെടുത്ത ഈ അംഗീകാരം സവിനയം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്സിറ്റികളില്‍ ഒന്നാം സ്ഥാനം ടിഎച്ച്ഇ നല്‍കിയിരുന്നു. ടിഎച്ച്ഇ സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ എഞ്ചിനിയറിംഗ്, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ യൂണിവേഴ്സിറ്റിയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫാക്കള്‍ട്ടി എന്ന റാങ്കിംഗ് നല്‍കിയിട്ടുണ്ട്. ലോകമെങ്ങുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഉയര്‍ന്ന യോഗ്യതകളുള്ള ഫാക്കള്‍ട്ടി, ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഇന്റര്‍-ഡിസിപ്ലിനറി കോഴ്സുകളിലുമുള്ള മികവ്, അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ രംഗത്തെ സ്വയംഭരണാധികാരം, വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളുടെ മികച്ച സാന്നിദ്ധ്യം തുടങ്ങിയവ പരിഗണിച്ച് 2019-ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അമൃതയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി പ്രഖ്യാപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: