കോട്ടയം: ഇരുപത്തിരണ്ടാം വയസ്സിലെ ബൈക്ക് അപകടം പാതി ശരീരത്തെ തളര്‍ത്തിയെങ്കിലും മനക്കരുത്ത് കൊണ്ട് വിജയങ്ങള്‍ നേടിയെടുക്കുകയാണ് തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ ബാബു. തളരാത്ത മനസ്സുമായുള്ള പോരാട്ടമാണ് സിദ്ധാര്‍ഥ ബാബുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ രഹസ്യം. റൈഫിള്‍ ഷൂട്ടറായ സിദ്ധാര്‍ഥ 2020ലെ ടോക്കിയോ പാരാലിമ്പിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത സ്വന്തമാക്കിയാണ് കായികപ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്.
ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വിജയങ്ങള്‍ വെടിവെച്ചിടുന്നത് സിദ്ധാര്ഥയ്ക്ക് പുതുമയല്ല. തന്റെ വൈകല്യത്തെ കരുത്താക്കി മാറ്റി 50 മീറ്റര്‍ സീനിയര്‍ പ്രോണ്‍ കാറ്റഗറി റൈഫിള്‍ മിക്സഡ് പാരാ വിഭാഗത്തില്‍ സ്വര്‍ണം നേടിയതാണ് സിദ്ധാര്‍ഥയുടെ ഏറ്റവും ഒടുവിലത്തെ നേട്ടം. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു സിദ്ധാര്‍ഥയുടെ റെക്കോഡ് പ്രകടനം. തന്റെ തന്നെ പഴയ റെക്കോഡ് ഭേദിച്ചാണ് സിദ്ധാര്‍ഥ 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.
2019 ഒക്ടോബറില്‍ സിഡ്നിയില്‍ വെച്ച് നടന്ന വേള്‍ഡ് ഷൂട്ടിങ് പാരാ സ്പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനവും കാഴ്ചവെച്ചിരുന്നു. ഷൂട്ടിങ് പരിശീലനത്തിന്റെ ആവശ്യങ്ങള്‍ക്കായി സിദ്ധാര്‍ഥ ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. ലക്ഷ്യത്തിലേക്ക് മാത്രം കണ്ണയച്ച് കഠിനാധ്വാനം ചെയ്യുന്ന ഈ യുവാവ് പരിശീലനത്തിനായി മണിക്കൂറുകളാണ് ചെലവഴിക്കുന്നത്. 2017ലെ പാരാഷൂട്ടിങ് ലോകകപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് സിദ്ധാര്‍ഥ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായത്. 2014 മുതല്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ പാരാവിഭാഗത്തിലെ ദേശീയ റെക്കോഡ് സിദ്ധാര്‍ഥയുടെ പേരിലാണ്. 2017ലും 2018ലും സിദ്ധാര്‍ഥ തന്നെ ഈ റെക്കോഡുകള്‍ പുതുക്കി. ദക്ഷിണേന്ത്യന്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയാണ് സിദ്ധാര്‍ഥ. അതും വൈകല്യങ്ങളില്ലാത്ത സാധാരണ ഷൂട്ടര്‍മാരോട് മത്സരിച്ച് നേടിയ പട്ടമായതിനാല് തന്നെ നേട്ടത്തിന് ഇരട്ടിമധുരമാണ്. 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തിലെ സംസ്ഥാന ചാമ്പ്യനും സ്വര്‍ണ ജേതാവുമാണ് സിദ്ധാര്‍ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: