ന്യൂദല്‍ഹി: ഇന്ത്യയുടെ അന്വേഷണത്തില്‍ ഭയന്ന് അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഫോണിന്റെ ഉപയോഗം ഒഴിവാക്കിയാലും കറാച്ചിയില്‍ നിന്ന് ദാവൂദ് മറ്റെവിടേക്ക് എങ്കിലും പോകാന്‍ സാധ്യതയില്ലെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. നിലവില്‍ ദാവൂദ് ചിലപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായിരിക്കാം. എന്നാല്‍ കറാച്ചിയില്‍ തന്നെയാണ് ദാവൂദ് ഇപ്പോഴും ഉള്ളതെന്ന് ദല്‍ഹി പോലീസ് പറഞ്ഞു.
2016 നവംബറിലാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ദാവൂദിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം അവസാനമായി ലഭിച്ചത്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് അന്വേഷണ സംഘത്തിന് ദാവൂദിന്റെ ഫോണ്‍ സംഭാഷണം ലഭിക്കുന്നത്. ഡി-കമ്പനിയില്‍ അംഗമായ ഭീകരനോട് സംസാരിക്കുന്ന ശബ്ദരേഖയാണ് ദല്‍ഹി പോലീസിന് ലഭിച്ചത്. എന്നാല്‍ അതില്‍ ഭീകരവാദവുമായി ബന്ധമുള്ള സംഭാഷണം ഉണ്ടായിരുന്നില്ലെന്നും അന്ന് ദാവൂദ് മദ്യപിച്ചിരുന്നതായും ദല്‍ഹി പോലീസ് അറിയിച്ചു.
















