ക്രോയിഡോൺ: ശ്രവണ സുന്ദരമായ രാഗമഴ വർഷിച്ച് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അനുവാചക മനസ്സുകളിലേക്ക് പെയ്തിറങ്ങി. നവംബർ 30ന് ക്രോയ്ഡോൺ ലാങ് ഫ്രാൻക് ഓഡിറ്റോറിയത്തിൽ ചെമ്പൈ സ്വാമികളുടെ സ്മരണാർത്ഥം നടത്തിയ സംഗീതോത്സവം അക്ഷരാർഥത്തിൽ രാഗവർഷിണിയായി മാറി.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് തുടർച്ചയായ ആറാം വർഷവും ചെമ്പൈ സംഗീതോത്സവം സംഘടിപ്പിച്ചത്. ചെയർമാൻ തെക്കുമുറി ഹരിദാസ്, അശോക് കുമാർ, സുരേഷ് ഗംഗാധരൻ, സദാനന്ദൻ, രാജേഷ് രാമൻ എന്നിവർ ഭദ്രദീപം തെളിയിച്ചു സംഗീതോത്സവത്തിനു ആരംഭം കുറിച്ചു. യുകെയുടെ വിവിധ നഗരങ്ങളിൽ നിന്ന് ശാസ്ത്രീയ സംഗീത ശാഖയിൽ പ്രമുഖരായ നൂറ്റി എഴുപതോളം കാലാകാരന്മാർ പങ്കെടുത്തു.
പ്രശസ്ത സംഗീതജ്ഞരോടും വാദ്യ കലാകാരന്മാരോടുമൊപ്പം, ഉപഹാർ, സപ്തസ്വര, ശ്രുതിമനോലയ തുടങ്ങിയ സംഗീത സ്കൂളുകളിലെ വിദ്യാർഥികൾ ആസ്വാദക ഹൃദയങ്ങളിലേക്ക് ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യ വഴികളിലെ രാഗലയങ്ങൾ പകർന്നേകി. കഴിഞ്ഞ വർങ്ങളിലെ ആസ്വാദകരുടെ പങ്കാളിത്തം കണക്കിലെടുത്തു പതിവ് സത്സംഗ വേദിയിൽ നിന്നും വിശാലമായ ലാങ്ഫ്രാൻക് ഓഡിറ്റോറിയത്തിലേക്ക് സംഗീതോത്സവം മാറ്റുവാനുള്ള സംഘാടകരുടെ തീരുമാനത്തെ ശരിവെക്കും വിധം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഈ വർഷത്തെ സംഗീതോത്സവം ശ്രദ്ധേയമായി. സംഗീത വിദ്യാർത്ഥികൾക്കും കുരുന്നുകൾക്കും കർണാടക സംഗീത ശാഖയിലെ പ്രമുഖരോടൊപ്പം വേദി പങ്കിടുവാൻ സാധിച്ചത് അപൂര്വമായി മാത്രം ലഭിക്കുന്ന സംഗീത വിസ്മയത്തിന്റെ സമ്മേളനമായി ആസ്വാദകവൃന്ദം വിലയിരുത്തി. ഗായിക കൂടിയായ സുപ്രഭ നായരുടെ അവതരണ മികവും ശ്രദ്ധ നേടി.
ഈ മാസത്തെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സത്സംഗം മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷങ്ങളുമായി പതിവ് വേദിയായ തൊൺടൻ ഹീത് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഡിസംബർ 28ന് നടത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: