മുംബൈ: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ടെലികോം കമ്പനികള്‍ ബൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികളുടെ നിരക്ക് വര്‍ധവ് നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ റിലയന്‍സ് ജിയോ മൊബൈല്‍ ഫോണ്‍ നിരക്കും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച് മുതലായിരിക്കും ജിയോയുടെ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ പോലെ 40 ശതമാനം വരെയുള്ള നിരക്ക് വര്‍ധനവ് തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു.
22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡഫോണ്‍-ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബര്‍ മൂന്നോടെ ഈ നിരക്ക് വര്‍ദ്ധന നിലവില്‍ വരിക. വലിയ കടബാധ്യതയില്‍ കുരുങ്ങിയ കമ്പനികള്‍ നിരക്ക് വര്‍ദ്ധനയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ചെറിയ തുകയ്‌ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ – വോഡാഫോണും എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
കമ്പനികളെ സഹായിക്കുന്നതിനും വന്‍ നിരക്ക് വര്‍ധന ഒഴിവാക്കാനുമായി സ്‌പെക്ട്രം ലേലത്തുക കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കേന്ദ്രം കമ്പനികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. കുടിശ്ശിക രണ്ട് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയെന്നായിരുന്നു കേന്ദ്ര മന്ത്രിസഭാ തീരുമാനം
ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്, വോഡഫോണ്‍ ഐഡിയയ്‌ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശികയാണ് ഉള്ളത്. സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം റെക്കോര്‍ഡ് 50,921.9 കോടി രൂപയയും എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയുമായിരുന്നു. പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്‌ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.
















