തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടേയും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിന്റെയും പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് പറക്കാന്‍. പ്രതിമാസം ഇരുപതു മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക. പൊതുമേഖലാ സ്ഥാപനമായ പവന് ഹാന്‍സുമായി കരാറൊപ്പിടാന്‍ ഒരുങ്ങുന്നത്. മാവോയിസ്റ്റ്-നക്സല്‍ വേട്ടയുടെയും പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന്റെയും മറവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കാനാണ് നീക്കം.
പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10ന് ധാരണാപത്രം ഒപ്പിടാനാണ് തീരുമാനം. കേരളത്തില്‍ വയനാട്-പാലക്കാട്-മലപ്പുറം മലയോര മേഖലകളില്‍ മാത്രമാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഹെലികോപ്റ്ററിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനും വേണ്ടിയാണെങ്കില്‍ എല്ലാ ദിവസവും തലസ്ഥാനത്ത് നിന്ന് വടക്കന്‍ മേഖലകളില്‍ പോയി മടങ്ങിവരണം. മാത്രമല്ല 11 സീറ്റുകളുള്ള ഗതാഗതത്തിനുള്ള ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. ഇതിന് എത്രത്തോളം താഴ്ന്ന് പറക്കാനാകുമെന്നോ നിരീക്ഷണ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പോയി മടങ്ങാന്‍ ഒന്നര മണിക്കൂറാണ് സമയം വേണ്ടത്. എല്ലാദിവസവും പരിശോധന നടത്തണമെങ്കില്‍ 20 മണിക്കൂര്‍ മതിയാകാതെ വരും. അപ്പോള്‍ അധികം വാടക നല്‍കണം. ആഴ്ചയില്‍ ഒരിക്കല്‍ നടത്തിയാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ വേണ്ടിവരില്ല. അപ്പോള്‍ 12 മണിക്കൂര്‍ ഉപയോഗിക്കാതെ നഷ്ടമാകും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു കോടി 44 ലക്ഷം വാടകയായി നല്‍കണം. പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് എന്നാണ് മറ്റൊരു വാദം. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്തത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ കാലാവസ്ഥ അനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലോ രണ്ട് തവണയോ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയത്തിന് വേണ്ടിയാണ് ഒരു വര്‍ഷം 17 കോടി 28 ലക്ഷം രൂപ നല്‍കുന്നത്.
ഇതോടെയാണ് ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടിയാണെന്നുള്ള ആരോപണം ശക്തമാകുന്നത്. മാവോയിസ്റ്റ് വേട്ട, പ്രകൃതി ക്ഷോഭം എന്നിവ നേരിടാന്‍ സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ വേണമെന്ന് ഡിജിപി നേരത്തെ നല്കിയ ശുപാര്‍ശ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ പ്രളയം വന്നതോടെ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു. മാത്രമല്ല മാവോയിസ്റ്റ് വേട്ടയും കൂടി ആയതോടെ ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് മുഖ്യമന്ത്രിക്കായി ഹെലികോപ്റ്ററിന് കരാര്‍ ഉറപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ രോഗാവസ്ഥ കണക്കാക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: