2019 നവംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ഗവണ്മെന്റ് അധികാരമേറ്റ് ആറു മാസം പൂര്‍ത്തിയാക്കി. ഈ ആറു മാസത്തിനിടെ മോദി 2.0 ജനജീവിതത്തെ സൃഷ്ടിപരമായി സ്പര്‍ശിക്കുന്ന ഒട്ടേറെ ചരിത്രപരവും പരിവര്‍ത്തനം സാധ്യമാക്കുന്നതുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുകഴിഞ്ഞു. അവ വിശേഷിച്ചും ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവര്‍ഗത്തിന്റെയും പട്ടികജാതിപട്ടികവര്ഗക്കാരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ സഹായകമായി. ‘ഇന്ത്യ ആദ്യം’ എന്നതാണ് മോദി ഗവണ്മെന്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളുടെയും പിറകിലുള്ള ഏറ്റവും പ്രധാന തത്വം.
ജനവിധിയും ഇന്ത്യന്‍ ജനത വീണ്ടും ഊട്ടിയുറപ്പിച്ച വിശ്വാസവും ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍, തെരഞ്ഞെടുപ്പു പത്രികയില്‍ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണ്. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം’ എന്ന വിശാല വീക്ഷണത്തോടെ മോദി 2.0 ദൃഢചിത്തതയോടെ പ്രവര്‍ത്തിക്കുകയും ‘എല്ലാവരുടെയും വിശ്വാസം’ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ബിജെപിയുടെ വാഗ്ദാനങ്ങളില്‍ പലതും നിറവേറ്റിക്കഴിഞ്ഞു. അവയില്‍ ഏറ്റവും പ്രധാനം ഭരണഘടനയിലെ 370-ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കിയതും മുസ്ലിം സ്ത്രീകള്‍ക്കു ലിംഗനീതി ഉറപ്പാക്കുംവിധം മുത്തലാഖ് ബില്‍ പാസാക്കിയതുമാണ്. മോദി 2.0 അധികാരമേറ്റ് ആറു മാസത്തിനിടെ രാമജന്മഭൂമിയില്‍ മഹത്തായ രാമക്ഷേത്രം നിര്‍മിക്കുന്നതിനു വഴിയൊരുക്കുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്കും നാം
സാക്ഷ്യം വഹിച്ചു. ചില പ്രധാന രാഷ്ട്രീയ എതിരാളികള്‍ അയോധ്യ തര്‍ക്കം സംബന്ധിച്ച വിധി വൈകിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയപ്പോള്‍ ബിജെപിയും അനുബന്ധ സംഘടനകളും ഇക്കാര്യത്തില്‍ സൃഷ്ടിപരമായ പങ്കാണു വഹിച്ചത്. ‘മന് കീ ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചതുപോലെ അയോധ്യ വിധിക്കുശേഷം നിലനിന്ന സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പൊരുള്‍ ‘ഇന്ത്യന്‍ ജനാധിപത്യ’ത്തിന്റെ കരുത്തു സൂചിപ്പിക്കുന്നു.
ഒരു രാഷ്ട്രം, ഒരു പതാക, ഒരു ഭരണഘടന എന്നതു മോദി ഗവണ്മെന്റിനു കീഴില്‍ യാഥാര്‍ഥ്യമായി. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കാന്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതു ചരിത്രപരമായ നേട്ടമാണ്.
ഇന്ത്യ അടുത്തുതന്നെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി വളരുന്നതിനുള്ള പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്ക്കുന്നതു പോലെയുള്ള തന്ത്രപരമായ തീരുമാനങ്ങളിലൂടെയും നികുതി, തൊഴില്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലുള്ള പരിഷ്കാരങ്ങളിലൂടെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്രാപിക്കുകയാണ്. കമ്പനി നികുതി നിരക്കുകള്‍ നിലവിലുള്ള കമ്പനികള്‍ക്ക് 22 ശതമാനമായും പുതിയവയ്ക്ക് 15 ശതമാനമായും താഴ്ത്തി. നികുതിനിരക്കുകള്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറുകവഴി ഇന്ത്യ ലോകത്തിലെ ഏറ്റവും മല്‍സരാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥകളിലൊന്നായിത്തീര്ന്നു.
ബാങ്കിങ് മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രമുഖ ബാങ്കുകള്‍ പലതും ലയിപ്പിക്കുന്നതിനു തുടക്കമിട്ടു. ഈ പദ്ധതിയുടെ ഭാഗമായി 10 ബാങ്കുകളുടെ ലയനം നടന്നുകഴിഞ്ഞു. 2019-20 വര്‍ഷം ബാങ്കുകള്‍ക്ക് 70,000 കോടി രൂപ മൂലധനമായി നല്‍കും.
ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് മോദി ഗവണ്മെന്റ് വലിയ ഉത്തേജനം പകര്‍ന്നു. ഇതോടെ, കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശരാശരി ദിവസങ്ങളുടെ എണ്ണം 374 ആയി ചുരുങ്ങി.
ഇന്ത്യ സ്വയം ലോകത്തില്‍ അടയാളപ്പെടുത്തുകയാണ്. ബിസിനസ് സുഗമമാക്കല്‍, ആഗോള നൂതനാശയ സൂചിക തുടങ്ങി പലതിലും അതിവേഗമുണ്ടായ ഉയര്‍ച്ച ഇതിനു തെളിവാണ്. ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ടനുസരിച്ച് 190 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 63 ആണ്. ബിസിനസ് സുഗമമായി ചെയ്യുന്നതു സംബന്ധിച്ച പട്ടികയില്‍ മൂന്നു വര്‍ഷത്തിനിടെ 67 റാങ്ക് മുകളിലോട്ട് ഉയരാന്‍ ഇന്ത്യക്കു സാധിച്ചു. 2011 മുതല്‍ വലിയ രാജ്യങ്ങളിലൊന്നു നേടുന്ന ഏറ്റവും വലിയ വളര്‍ച്ചാനിരക്കുമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനമുള്ള രാജ്യം നമ്മുടേതാണ്. ആഗോള നൂതനാശയ സൂചികയില്‍ ഇന്ത്യയുടെ ഇടം 2015ല്‍ 81 ആയിരുന്നത് 2019 ആകുമ്പോഴേക്കും 52 ആയി ഉയര്‍ന്നു. ഐ.എം.ഡിയുടെ ആഗോള ഡിജിറ്റല്‍ മല്‍സരക്ഷമതാ സൂചികയില്‍ 2018ല്‍ 48-ാം സ്ഥാനത്തായിരുന്നെങ്കില്‍ നില മെച്ചപ്പെടുത്തി 44-ാമതു സ്ഥാനത്തെത്താന്‍ രാജ്യത്തിനു സാധിച്ചു. സഞ്ചാര-വിനോദസഞ്ചാര മല്‍സരക്ഷമതാ സൂചിക 2019ല്‍ ഇന്ത്യക്കു 34-ാമതു റാങ്കാണ് ഉള്ളത്. 2015ലാകട്ടെ ഇത് 52 ആയിരുന്നു.
രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള വലിയ ചുവടായി മോദി ഗവണ്മെന്റ് 2.0 പി.എം. കിസാന്‍ പദ്ധതിക്കു തുടക്കമിട്ടു. ഇതു പ്രകാരം എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം ആറായിരം രൂപ സഹായമായി നല്‍കിവരുന്നുണ്ട്. രാജ്യത്തെ 14.5 കോടി കര്‍ഷകര്‍ ഉള്‍പ്പെടുന്നതാണു പദ്ധതി.
സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് മോദി ഗവണ്മെന്റ് റഫാല്‍ ഇന്ത്യയിലെത്തിച്ചു. ഇതോടെ ഗവണ്മെന്റിനെതിരെയുള്ള തെറ്റായ ആരോപണങ്ങള്‍ക്ക് അറുതിയായി.
പൊതുപങ്കാളിത്തത്തിലൂടെ പരിവര്‍ത്തനം സാധ്യമാക്കുന്നതിലാണു മോദിജി വിശ്വസിക്കുന്നത്. ഇത് സ്വച്ഛ്ഭാരത് അഭിയാനിലൂടെയും ശൗചാലയം ഉപയോഗിക്കുന്ന ശീലം വളര്ത്തിയെടുത്തതിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ‘ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കുക’ എന്ന ആഹ്വാനം പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രചാരണ പരിപാടിയുടെ ആദ്യ ദിവസങ്ങളില്‍ 13,000 ടണ്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ സാധിച്ചു. ഇതു വലിയ അളവാണ്. അതായത് നടന്നുകൊണ്ടു വ്യായാമം ചെയ്യുന്നതിനിടെ തെരുവുകളിലും പാതയോരങ്ങളിലും കാണുന്ന ‘പോളിത്തീന്‍’ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍, അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
ആറു മാസം ചെറിയ കാലയളവാണെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ നമുക്കു തിരിച്ചറിയാന്‍ സാധിക്കുക മോദി ഗവണ്മെന്റ് 2.0 അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു എന്നാണ്.
(കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാന, വാര്‍ത്താ വിതരണ-പ്രക്ഷേപണ, വന്‍കിട വ്യവസായ-പൊതുമേഖലാ വകുപ്പു മന്ത്രിയാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: