ന്യൂദല്‍ഹി: അയോധ്യാ കേസില്‍ അന്തിമ വിധി വന്നിട്ടും പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള മുസ്ലീം സംഘടനകളുടെ നീക്കം ഇരട്ടത്താപ്പാണെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. തര്‍ക്കഭൂമിയില്‍ പള്ളി പണിയണമെന്ന നിലപാടില്‍ ഒരു വിഭാഗം മുസ്ലീങ്ങള്‍ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ അയോധ്യ വിഷയം വളരെ മുന്‍പേ തന്നെ പരിഹരിക്കാമായിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഉചിതമായി. അതില്‍ താന്‍ സന്തോഷിക്കുന്നെന്നും രവിശങ്കര്‍ വ്യക്തമാക്കി.
അയോധ്യാ കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും ജമാത്ത് ഉലമ ഇ ഹിന്ദും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പരസ്പരം പഴിചേരാതെ ഹിന്ദുക്കളും മുസ്ലിംങ്ങളും ഒരുമിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന പിടിവാശി അര്‍ഥരഹിതമാണ്. തര്‍ക്കഭൂമിയുടെ ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയും നിര്‍മിച്ച് പ്രശ്നം പരിഹരിക്കാന്‍ രണ്ടു വിഭാഗങ്ങളും ശ്രമം നടത്തണമെന്ന് 2003 മുതല്‍ താന്‍ പറയുന്നതാണ്. സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുന്‍പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. വിധി പുനപ്പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യാ കേസില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടത്തുന്നതിന് സുപ്രിംകോടതി നിയോഗിച്ച സംഘത്തിലൊരാളായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍.
















