ബംഗളുരു: കൃഷി നശിപ്പിക്കുന്നവരെ ഓടിക്കുന്നതിനായി വളര്‍ത്തു നായയെ പെയിന്റടിച്ച് കര്‍ഷകന്‍ വ്യാജ കടുവയാക്കി. കുരങ്ങന്‍മാര്‍ നിരന്തരം കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകന്റെ ഈ സൂത്രപ്പണി. കര്‍ണാടകയിലെ ശിവമോഗയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.
തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് വളര്‍ത്തുനായയെ പെയിന്റടിച്ച് കടുവയാക്കിയത്. തീര്‍ത്തഹള്ളിയിലും സമീപഗ്രാമങ്ങളിലും കുരങ്ങുകളുടെ നിരന്തരശല്ല്യം ഉണ്ടാകാറുണ്ട്. കുരങ്ങനെ തുരത്താന്‍ കടുവയുടെ പാവകള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇതിന് ബദലായാണ് ഇപ്പോള്‍ കര്‍ഷകന്‍ വളര്‍ത്തുനായയെ വ്യാജ കടുവയാക്കിയത്. ഈ പരീക്ഷണം ഒരു പരിധിവരെ വിജയിച്ചുവെന്ന് കര്‍ഷകനായ ശ്രീകാന്ത് പറയുന്നു.
കൃഷിയടത്തിന്റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറ്റി വെച്ചു നോക്കി. ആ പ്രദേശത്തേക്ക് കുരങ്ങന്മാര്‍ വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ തന്റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുക്കുകയായിരുവെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് ശ്രീകാന്ത് ബാംഗളൂര്‍ മിറര്‍ പത്രത്തോട് പറഞ്ഞു.
















