ബൊക്കാറോ: ഇന്ത്യയിലുടനീളം കേന്ദ്ര സര്‍ക്കാര്‍ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്നും അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ആര്‍ക്കുമാകില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബാധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെമ്പാടും പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കും. ഇന്ത്യയിലുള്ളവര്‍ക്കെല്ലാം തങ്ങളുടെ മണ്ണിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയവര്‍ ആരൊക്കെ എന്ന് അറിയാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ ചില പാര്‍ട്ടികള്‍ നമ്മുടെ കുറ്റം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത്തരക്കാര്‍ വര്‍ഗ്ഗീയതയാണിതെന്നും ആരോപിക്കുന്നു.
അയോധ്യയില്‍ ശ്രേഷ്ഠമായ രാമ ക്ഷേത്രം നിര്‍മിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഖ്യാപിച്ച വാഗ്ദാനം ബിജെപി നിറവേറ്റുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഭഗവാന്‍ രാംലല്ലയുടെ ജന്മ സ്ഥലത്ത് തന്നെയാകും രാമ ക്ഷേത്രം നിര്‍മിക്കുക. ചിലര്‍ ഇതിനെ പരിഹസിക്കുന്നുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക്, ക്ഷേത്രം നിര്‍മിക്കാനുള്ള തങ്ങളുടെ ഉദ്യമത്തെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രിയോ, മറ്റുള്ള മന്ത്രിമാരോ, ബിജെപിയുടെ മുഖ്യമന്ത്രിമാരോ അഴിമതിക്കാരാണെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















