ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആറു മാസം. ഇന്ത്യയെ ഒന്നാമതെത്തിച്ച ആറു മാസമെന്നാണ് ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ആറു മാസത്തിനിടെ സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങള്‍ രാജ്യവികസനം വേഗത്തിലാക്കി. സാമൂഹ്യ ശാക്തീകരണത്തിന് വേഗമേറി, ഐക്യം ശക്തമാക്കി. വരും നാളുകളില്‍ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനുള്ള കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്, മോദി തുര്‍ടന്നു.
സബ്കാ സാത്ത്, സബ്കാ വികാസ്,സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്താല്‍ പ്രചോദിതമായി, 130 കോടി ഇന്ത്യാക്കാരുടെ അനുഗ്രഹത്താലാണ് പുതിയ കരുത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്, അദ്ദേഹം കുറിച്ചു. 2019 മെയ് 30നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്. 303 സീറ്റുകളാണ് ബിജെപിക്കുള്ളത്. വന്‍ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാരിന് കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്നത് ഇതാദ്യം.
എടുത്തത് നിര്‍ണായക തീരുമാനങ്ങള്‍
രണ്ടാം മോദി സര്‍ക്കാര്‍ നിരവധി നിര്‍ണായക തീരുമാനങ്ങളാണെടുത്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയതും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതുമാണ് ഇതില്‍ പ്രധാനം. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
അതോടെ വലിയൊരു തര്‍ക്കത്തിന് അന്ത്യമായി. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്താണ് മുത്തലാഖ് നിയമം കൊണ്ടുവന്നത്. ഏക സിവില്‍ കോഡിനുള്ള നീക്കങ്ങളും മോദി സര്‍ക്കാര്‍ തുടങ്ങി.
















