ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്ട്രി(എന്‍ആര്‍സി)യില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പട്ടിക ഉപേക്ഷിച്ചേക്കും. സംസ്ഥാന സര്‍ക്കാരും ബിജെപി നേതൃത്വവും പട്ടിക അംഗീകരിക്കരുതെന്ന നിലപാടിലാണ്. പകരം പൗരത്വ ഭേദഗതി ബില്‍ (സിഎബി) പാസാക്കിയ ശേഷം രാജ്യവ്യാപകമായി നടത്തുന്ന എന്‍ആര്‍സിയില്‍ അസമിനെയും ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിന് അനുകൂലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ് അസം കരാറിന് അനുസൃതമായി സംസ്ഥാനത്ത് എന്‍ആര്‍സിക്ക് ബിജെപി സര്‍ക്കാര്‍ തുടക്കമിട്ടത്. കരാറനുസരിച്ച് 1971 മാര്‍ച്ച് 24ന് മുന്‍പ് സംസ്ഥാനത്ത് താമസമാക്കിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് പൗരത്വത്തിന് അര്‍ഹത. ദേശീയ പ്രസ്ഥാനങ്ങളുടെ നിരന്തര പ്രക്ഷോഭത്തിനൊടുവിലാണ് 1985ല്‍ കരാര്‍ യാഥാര്‍ത്ഥ്യമായത്. എന്നാല്‍, ഇപ്പോഴത്തെ എന്‍ആര്‍സിയില്‍ കൃത്രിമ രേഖകള്‍ ഉപയോഗിച്ച് നിരവധി നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകൂടി. ബംഗ്ലാദേശിലെ മതപീഡനം സഹിക്കാനാകാതെ അഭയാര്‍ത്ഥികളായെത്തിയ അര്‍ഹതപ്പെട്ട ഹിന്ദുക്കള്‍ പുറത്തുമായി.
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നതായി സിഎജിയും കണ്ടെത്തിയിരുന്നു. എന്‍ആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലക്കെതിരെ സന്നദ്ധസംഘടനയായ അസം പബ്ലിക് വര്‍ക്സ് (എപിഡബ്ല്യു) സിബിഐക്ക് പരാതി നല്കി. ഇയാളെ നേരത്തെ സുപ്രീംകോടതി അസമിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ വിവരങ്ങള്‍ ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ അസമിന് അനിവാര്യമാണ്. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വ നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നതാണ് ബില്‍. ജിഹാദികളുടെ മതപരമായ ആക്രമണം നേരിടുന്ന വിഭാഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിഎബിക്ക് ശേഷം രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ തെരഞ്ഞെടുപ്പ് റാലിയിലും പാര്‍ലമെന്റിലും പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ ചര്‍ച്ച
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംഘടനകളുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരായ സര്‍വാനന്ദ സോനോവാള്‍, പ്രേമ ഖണ്ഡു, കോണ്‍റാഡ് സാംഗ്മ, വിപ്ലവ് ദേവ്, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധം നിലവിലുണ്ട്. ത്രിപുരയിലെയും മിസോറാമിലെയും സംഘടനകളുമായി അമിത് ഷാ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നും കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: