മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് വൈകിയ അംഗീകാരമാണെങ്കിലും, ‘വൈകിയ വിവേകത്തിലൂടെ’ മലയാളവും ആദരിക്കപ്പെട്ടിരിക്കുന്നു. കവി എന്നതിലുപരി, കേരളീയ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് അക്കിത്തം അച്യുതന് നമ്പൂതിരി. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ പോരുനയിച്ച യുവത്വമാണ് അദ്ദേഹത്തിന്റേത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനും എംആര്‍ബിക്കുമൊപ്പം പ്രവര്‍ത്തിച്ചു. കവിതയെ, തന്റെ പോരാട്ടത്തിന്റെ ഉപകരണമാക്കി അദ്ദേഹം മാറ്റി. മനുഷ്യപ്പറ്റുള്ള, സംസ്കാരത്തെ മറക്കാത്ത എഴുത്തായിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നുണ്ടായത്.
പൊന്നാനിക്കളരിയിലാണ് അക്കിത്തം എഴുത്ത് തുടങ്ങിയത്. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന് തുടങ്ങിയ വലിയ പ്രതിഭകളായിരുന്നു കൂട്ട്. മലയാള കവിതയില്‍ ആധുനികതയുടെ ആദ്യസ്വരം കേള്‍പ്പിച്ച കവിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെയും ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിലൂടെയും നമ്മുടെ കാലത്തിന്റെ കോലവും ലോകത്തിന്റെ അവസ്ഥയും അകൃത്രിമമായ ശൈലിയില്‍ അവതരിപ്പിച്ച്, മലയാളകവിതയെ അദ്ദേഹം മണ്ണില്‍ ചുവടുറപ്പിച്ചുനിര്‍ത്തി. പാരമ്പര്യത്തിന്റെ ആഴങ്ങളില്‍ വേരോടിച്ചു നില്ക്കുന്ന അക്കിത്തത്തിന്റെ കവിത സമകാലികയാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ധ്യാനമാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി കവിതയില്‍ ആര്‍ജ്ജവത്തിന്റെ മിന്നല്‍പ്പിണര്‍തീര്‍ത്ത മഹാകവിയാണ് അക്കിത്തം.
1948-49 കാലത്ത് കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവാസത്തില്‍ നിന്നുമാണ് ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത അക്കിത്തം എഴുതുന്നത്. ആ കാലഘട്ടത്തിലെ ഇടതുപക്ഷ ഇടപെടലകളോടുള്ള വിയോജിപ്പില്‍ നിന്നുമാണ് കവിത പിറക്കുന്നത്. കവിത പുറത്തുവന്നതോടുകൂടി ഇഎംഎസ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം അറിയപ്പെട്ടു.
മാനവികതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. ആത്മീയതയെ എല്ലായിപ്പോഴും മുറുകെ പിടിക്കുകയും ചെയ്തു. ഭാരതീയ പാരമ്പര്യത്തിന്റെ പ്രയോക്താവാകാനാണ് അക്കിത്തം എന്നും ശ്രമിച്ചിട്ടുള്ളത്. കവിതയിലും ജീവിതത്തിലും അദ്ദേഹം അത് പിന്തുടര്ന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായതും അതിനാലാണ്. അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്തു. പല അവസരങ്ങളില്‍ നിന്നും അക്കിത്തം തഴയപ്പെട്ടത് അതിനാലാണ്. ഇപ്പോള്‍ ലഭിച്ച ഈ ജ്ഞാനപീഠപുരസ്കാരം പോലും എത്രയോ നാളുകള്‍ക്കു മുന്നേ അക്കിത്തത്തെ തേടി എത്തേണ്ടതായിരുന്നു. പിന്നില്‍ നടന്നവര്‍ പലരും ജ്ഞാനപീഠമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തപ്പോള്‍ അതിലൊന്നും പരിഭവമോ പരാതിയോ ഇല്ലാതെയാണ് സാത്വികനായ കവി കവിതയെഴുത്ത് തുടര്‍ന്നത്. പുരസ്കാരങ്ങളെ അങ്ങോട്ട് ചെന്ന് കൂട്ടിക്കൊണ്ടുവരുന്ന ശൈലി മഹാകവിക്കുണ്ടായിരുന്നില്ല. നമുക്കു കിട്ടേണ്ടത് നമ്മെ തേടിയെത്തുമെന്ന പക്ഷക്കാരനാണ് അദ്ദേഹം.
വൈകിയെങ്കിലും ജ്ഞാനപീഠ പുരസ്കാരം അക്കിത്തത്തിനു ലഭിക്കുമ്പോള്‍ ഓരോ ഭാഷാ സ്നേഹിയുടെയും മനസ്സില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ഉദിച്ചുയരുകയാണ്. സര്‍ഗശേഷി ഒട്ടും കുറവില്ലാതെ, ആരോഗ്യവാനായി ഇനിയും നമുക്കദ്ദേഹം മാര്ഗദര്ശിയാകുമെന്നതാണ് വലിയ സന്തോഷം. ബലിദര്‍ശനവും അന്തിമഹാകാലവും സ്പര്‍ശമണികളും ഇടിഞ്ഞുപൊളിഞ്ഞ ലോകവും ഒരു കുടന്ന നിലാവും സമന്വയത്തിന്റെ ആകാശവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും തുടങ്ങി അക്കിത്തം എഴുതിയ നിരവധി കവിതകള്‍ എന്നും കാവ്യാസ്വാദകരുടെ മനസ്സില്‍ നറുനിലാവ് തെളിച്ചു നില്ക്കുകതന്നെ ചെയ്യും. ജ്ഞാനപീഠപുരസ്കൃതനായ മഹാകവിക്ക് അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: