ഒരു കവി സ്വന്തംമനസ് തുറക്കുന്നതിനെക്കുറിച്ച് ‘വിപ്ലവകവി’ എന്ന കവിതയില്‍ അക്കിത്തം ഇങ്ങനെ എഴുതി:
‘ഇത്തിരി പോന്നൊരു തുളവഴികാണുംഖാണ്ഡവ ദാഹം പോലെ” എന്ന്. അക്കിത്തത്തിന്റേയും ആ കവിതകളുടേയും വ്യാപ്തിയും ആഴവും പരപ്പും ഇതുവരെ അളന്നവരെല്ലാം ചെറിയ ദ്വാരത്തിലൂടെ ഖാണ്ഡവവന ദഹനം കാണുകയായിരുന്നു, കാണിക്കുകയായിരുന്നു. ആ കവിതയുടെ വിശാല കാഴ്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ് ഈ ജ്ഞാനപീഠപുരസ്കാര നേട്ടം.
ഒരിക്കല്‍ സംസാരത്തിനിടെ മഹാകവി അക്കിത്തം പറഞ്ഞു, ”എന്നോട് ഒരു ജ്യോതിഷി പറഞ്ഞിട്ടുണ്ട്, ‘അക്കിത്തത്തിന് പലതും കിട്ടും, പക്ഷേ, ഒന്നും വേണ്ടെന്ന് തോന്നുന്ന അവസ്ഥയിലായിരിക്കും, എന്ന്.’ അങ്ങനെയൊരു അവസ്ഥയുണ്ടോ എന്ന് അന്നെനിക്ക് തോന്നിയിട്ടുണ്ട്. ‘ഇതൊന്നും എന്റേതല്ല’ എന്ന് കരുതി ജീവിച്ച പലരേയും കണ്ട അനുഭവവുമുണ്ട്. കവി അക്കിത്തം ഇന്നിപ്പോള്‍ ഒന്നും എനിക്കായി വേണ്ടെന്ന് ചിന്തിക്കുന്ന അവസ്ഥയിലാണ്, ഈ ജ്ഞാനപീഠ സമ്മാനം കുമരനല്ലൂരിലെത്തുമ്പോള്‍.
കവി ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അത് അക്കിത്തത്തെ അച്യുതന് നമ്പൂതിരിക്ക് കിട്ടയതിന്റെ ആഹ്ലാദമായിരിക്കില്ല, മറിച്ച്, താന്‍ പിന്തുടര്‍ന്ന സംസ്കാരിക പാരമ്പര്യത്തിന് കിട്ടിയ സമാദരണം കൊണ്ടുതന്നെയാകണം. ഏറെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും താന്‍ പിടിവിടാതെ തുടര്‍ന്ന ദര്‍ശന മാര്‍ഗത്തിനു കിട്ടിയ അംഗീകാരം.
ഗാന്ധിജിയെക്കുറിച്ച് ഒരു ഓര്മ പങ്കുവയ്ക്കാന്‍ അവസരം തേടിയാണ് അടുത്തിടെ കവിയെ കണ്ടത്. പലതും ഓര്‍മിച്ച് വാര്‍ധയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ പോയ മനസ്സ് ഹൃദയാഴങ്ങളില്‍നിന്നുള്ള ഒരു ചിരിയില്‍ ചാലിച്ചു പറഞ്ഞു, ”നോക്കൂ ഞാനുടുത്തിരിക്കുന്നതും ഖാദിയാണ്, ഗാന്ധിയുടെ ഖാദി.” അതാണ് അക്കിത്തം. അനുഷ്ഠിച്ചു കാണിച്ചു, കവിതയിലും ജീവിതത്തിലും. അതുകൊണ്ടാണ് വേദോപനിഷത്തുക്കളില്‍കണ്ട വിശ്വമാനവികതയും മാനുഷികതയും ഗാന്ധിസത്തിലും കമ്യൂണിസത്തിലുമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ, കമ്യൂണിസത്തിന് അത് പ്രായോഗികമാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ആ വഴി വിട്ട് ആര്‍ഷ പാരമ്പര്യത്തിന്റെ വക്താവും പ്രയോക്താവുമായത്. സഖാവ് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ ഉറ്റ സഖാവായിപ്പോലും നിന്ന അക്കിത്തം തിരിച്ചുനടന്ന കഥ അദ്ദേഹംതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ‘സ്നേഹത്തില്‍തുടങ്ങി, പകയില്‍ അവസാനിക്കുന്ന’ ആ വിപ്ലവ തത്ത്വസംഹിതയെക്കുറിച്ച് ആറ്റിക്കുറുക്കി ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍’ കവി ഇങ്ങനെ എഴുതി: ‘ഒരു പേനക്കത്തിയാല്‍ ഒരിളനീര്‍ക്കണ്ണുമാതിരിപകയാലെന്‍ മനുഷ്യത്വക്കനി ചെത്തിത്തുരന്നുഞാന്‍ ശീതളം മധുരം ജീവപ്രേമമാം പൂതവാസനവാറ്റിക്കളഞ്ഞേനാവോളം ഒടുക്കത്തെ കണംവരെ’ അക്കിത്തം പറഞ്ഞു: ”ഞാന്‍ ഗാന്ധിജിയെന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലല്ല ചെന്നെത്തുന്നത്. കമ്യൂണിസമെന്നു പറയുമ്പോള്‍ ടോള്‍സ്റ്റോയിയുടെ കമ്യൂണിസമാണ്, പാര്‍ട്ടികളുടെ ഇസമല്ല.”
ജന്മഭൂമിയുടെ 2017 ലെ വാര്ഷികപ്പതിപ്പിലേക്ക് ഒരു കവിത ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ‘നാരായണ നാരായണ’ എന്നേ ഇപ്പോള്‍ എഴുതാറുള്ളുവെന്നാണ്. ശ്രീമദ് ഭാഗവതം മലയാളത്തിലേക്ക് വിവര്‍ത്തനം പൂര്‍ത്തിയാക്കിയശേഷം അങ്ങനെയാണ്, എഴുതിക്കൂട്ടിയ ആയിരക്കണക്കിന് കവിതകള്‍ക്കുള്ള ‘ശുഭമെഴുത്തായിരുന്നു’ ഭാഗവതം. എങ്കിലും ജന്മഭൂമിക്ക് വേണ്ടി മകന് നാരായണന് വഴി കവിയുടെ കൈപ്പാടില്‍ത്തന്നെ അത് ലഭിച്ചു, ഇങ്ങനെ:
‘ജന്മഭൂമിയിലല്ലോ നാംകര്‍മം ചെയ്യുന്നതൊക്കെയും അതിനാലീ ജന്മഭൂമി-താനത്രേ കര്‍മഭൂമിയും’ അങ്ങനെയാണ്, അക്ഷരങ്ങളുടെ അനുഷ്ടുപ്പുകൊണ്ട് ആര്‍ഷ ദര്‍ശനത്തെ അണുരൂപമാക്കിത്തരുന്ന അക്കിത്തവൈഭവം.
ജന്മഭൂമിയുടെ ലെജന്‍ഡ്സ് ഓഫ് കേരള അവാര്‍ഡ് അക്കിത്തത്തിന് സമര്‍പ്പിക്കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിക്കാന്‍ ചെന്നപ്പോള്‍ സ്വാഭാവിക പുഞ്ചിരിയോടെ കേട്ടിരുന്നു, ”തറവാട്ടില്‍നിന്നുള്ള സമ്മാനമല്ലേ, വാങ്ങാന്‍ വരും” എന്നു മറുപടിനല്കി.
ജ്ഞാനപീഠ പുരസ്കാര ലബ്ധിയെക്കുറിച്ച് അറിയിപ്പു കിട്ടിയപ്പോഴും കവിയുടെ പ്രതികരണം അങ്ങനെയായിരുന്നു. അമിതാഹ്ലാദമില്ലാതെ, വന്നുചേര്‍ന്നതിനെ സ്വീകരിക്കുന്ന ലാഘവ മനസ്സോടെ ഇരുന്നു. ജ്ഞാനപീഠം കിട്ടാത്തതിന്റെ പേരില്‍ സഹതപിച്ച്, അനുയായി ചമഞ്ഞ് ചിലര്‍ മുന്‍ വര്‍ഷങ്ങളില്‍ കുത്തിത്തിരിപ്പിന് ശ്രമിച്ചപ്പോഴും അക്കിത്തത്തിന് ഇതേ ലഘുത്വമായിരുന്നു. ഭാരത ഭാഷകളിലേക്ക്, ലോക ഭാഷകളിലേക്ക് അക്കിത്തം സാഹിത്യം വളരാന്‍ പോകുകയാണിനി.
കവി ദര്‍ശനം ഇങ്ങനെ കവിതന്നെ പറഞ്ഞും വച്ചിട്ടുണ്ടല്ലോ: ”നിരുപാധികമാം സ്നേഹം” എന്നു ഞാന്‍ എഴുതിയിട്ടുണ്ട്. ”നിന്നെയിറുത്തവര്‍ കൊന്നു പൂവേ, തന്നുടെ തന്നുടെ മോക്ഷത്തെ” എന്നും. നല്ല മനുഷ്യനാകുക തന്നെയാണ് പ്രധാനം. കവിയാകുക എന്നത് അതിനിടയില്‍ സംഭവിച്ച ഒന്നാണ്. കവിയാകണമെങ്കില്‍ കവിയാകണമെന്ന് മോഹിക്കരുത്. സ്നേഹത്തെക്കുറിച്ചു പലരും എഴുതിയിട്ടുണ്ട്, പക്ഷേ നിരുപാധികമായ സ്നേഹം എന്നതാണ് എന്റെ കാഴ്ചപ്പാട്. ” വിശ്വമാനവികതയുടെ ഈ കാവ്യാക്ഷരങ്ങള്‍ക്ക് ഇരിപ്പിടമാവുകയാണ് ഈ പീഠം, ജ്ഞാനപീഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: