മഹാകവിക്ക് ലഭിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ജ്ഞാനപീഠമെന്ന ചോദ്യത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടാകും! കുമരനല്ലൂരിലെ ദേവായനത്തിലേക്ക് മഹാകവി അക്കിത്തത്തെത്തേടി ഒടുവില്‍ ജ്ഞാനപീഠമെത്തുന്നു… കാലാതിവര്‍ത്തിയായ കലയുടെ, കവിതയുടെ, പ്രതിഭയുടെ വറ്റാത്ത ഉറവയുതിര്‍ന്ന കുലപര്വതത്തിന് മുന്നില്‍ ജ്ഞാനപീഠം തല കുനിക്കുന്നു. മുന്‍പെങ്ങും പ്രസൂതമായിട്ടില്ലാത്ത ഈശ്വരലാസ്യമാണ് കലയെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഋഷികവി. ശ്രീമദ്ഭാഗവതത്തെ തനിമയാര്‍ന്ന മലയാളത്തിലേക്ക് പകര്‍ത്തി തൂലികമുനയൊടിച്ച്, പിന്നെയും പിന്നെയും ഉയിര്ത്തേല്ക്കുന്ന സര്‍ഗാത്മകതയെ മൗനവല്മീകത്തില് ഒതുക്കി തപസ്സിരുന്ന ഒരു മഹാകവി.
പുരോഗമന രാഷ്ട്രീയം ചുവന്ന കൊടി ഉയര്‍ത്തിപ്പിടിച്ച് ഇതാ ഞങ്ങളുടെ സൂര്യന് ഉദിച്ചിരിക്കുന്നു എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച കാലത്തിന്റെ ആ നട്ടുച്ചയില്‍ നിന്നാണ് ഇരുപത്തിയഞ്ച് വയസ്സ് മാത്രമുള്ള ആ യുവഋഷി ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം എന്ന് ലോകത്തോട് ചിരിച്ചത്. എന്തൊരു ധീരമായ പ്രവചനമായിരുന്നു അത്. തപസ്വികള്‍ക്ക് മാത്രം കഴിയുന്നത്. ഇനിയൊരു നൂറ്റാണ്ട് കേരളത്തിന്റെ വര്‍ത്തമാനങ്ങളെ ചെന്തളിരണിയിക്കുമെന്ന് കരുതി വിരിഞ്ഞ കതിരുകള്‍ക്ക് അന്നേ മൃതിഗീതമെഴുതി അക്കിത്തം. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദമെന്ന് പ്രതീക്ഷകളും സ്വപ്നങ്ങളും തൊങ്ങലുചാര്‍ത്തിയ പ്രകാശത്തിലേക്ക് അതിമോഹത്തോടെ പറന്നടുത്ത ഈയാംപാറ്റകളോട്, ഒരു വലിയ ജനസമൂഹത്തോട് കാത്തിരിക്കുന്ന വിപത്തുകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുകയായിരുന്നു അക്കിത്തം. അമ്പലക്കുളക്കടവിലെ ചുവരില്‍ തുമ്പില്ലാതെ വരച്ച നിഷ്കളങ്കബാല്യം കാത്തുസൂക്ഷിച്ചു കവി ജീവിതത്തിലും കവിതയിലും.
തപസ്യയുടെ നായകന്
അദ്വൈത സാരസ്വതത്തിനപ്പുറം എന്ത് സോഷ്യലിസം, എന്ത് കമ്മ്യൂണിസമെന്ന് ചോദിക്കാന്‍ മടികാട്ടിയില്ല അക്കിത്തം. കലയ്ക്കും സാഹിത്യത്തിനും ചേര്‍ന്ന ഒറ്റപ്പേര് തപസ്യ എന്നതാണെന്ന് പ്രഖ്യാപിക്കാന്‍, തലകുനിച്ചാല്‍ തനിക്ക് വന്നുചേര്‍ന്നേക്കാമായിരുന്ന വാഴ്ത്തുപാട്ടുകളുടെയും പുരസ്കാരങ്ങളുടെയും പകിട്ട് അദ്ദേഹത്തിന് തടസ്സമായില്ല. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി തപസ്യയോടൊപ്പം യാത്ര ചെയ്തു. കേരളവും ഭാരതവും രണ്ടെന്ന് കണ്ടവരുടെ ഇണ്ടല്‍ തീര്‍ക്കാന്‍, ഭാഷയുടേയും മതത്തിന്റെയും പേരില്‍ വീതംവയ്പിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് സാംസ്കാരിക ഏകതയിലൂടെ ഭാവാത്മകമായ മറുപടി നല്‍കാനായി നടത്തിയ ആ തീര്‍ത്ഥയാത്രയ്ക്ക് നായകനായി. പുരോഗമനത്തിന്റെ മറ പിടിച്ച് പിന്നോട്ടുനടക്കാന്‍ ശീലിച്ച കേരളത്തെ സംസ്കൃതിയിലേക്ക് ആനയിച്ച നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയായിരുന്നു മഹാകവി. തപസ്യ സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം ഉയരണമെന്നും അതിന് തപസ്യ തന്നെയെന്നാകണം പേരെന്നും അക്കിത്തം പ്രാര്‍ഥിച്ചു.
1984 മുതല്‍ 99 വരെ തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്നു അക്കിത്തം. അതിന് ശേഷം ഇന്നുവരെയും മുഖ്യരക്ഷാധികാരിയും. അക്കിത്തത്തിന്റെ സഞ്ചാരീഭാവമാണ് തപസ്യയുടെ കരുത്ത്. കേരളത്തനിമയെ വിളിച്ചുണര്‍ത്തിയ ഐതിഹാസികമായ രണ്ട് തീര്‍ഥയാത്രകള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ആരോടും കലഹിക്കാതെ ആര്‍ഷമായ ധീരതയോടെ മഹാകവി ലോകത്തോട് ഭാരതം തുടിക്കുന്ന കേരളത്തെക്കുറിച്ച് സംവദിച്ചു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയും അനന്തപുരം മുതല്‍ അനന്തപുരി വരെയും നടന്ന ആ സാംസ്കാരിക തീര്‍ഥയാത്രകളാണ് തപസ്യയെ ജനകീയമാക്കിയത്.
തപസ്യയോട് ചേര്ന്നുനിന്നതുകൊണ്ടുമാത്രം തമസ്കരണത്തിന് പലകുറി അദ്ദേഹം വിധേയനായി. എന്നിട്ടും തപസ്യയില്‍ അദ്ദേഹം ഹൃദയം സമര്‍പ്പിച്ചു. തപസ്യയുടെ ദേശീയമുഖമായി സംസ്കാര്‍ ഭാരതി രൂപം കൊണ്ടപ്പോള്‍ 86 മുതല്‍ പത്ത് വര്‍ഷം അദ്ദേഹം അതിന്റെ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു. പ്രശസ്ത മാധ്യമപ്രവര്ത്തകന് എം.വി. കാമത്തിന് തപസ്യയുടെ വി.എം. കോറാത്ത് പുരസ്കാരം സമര്‍പ്പിക്കാന്‍ എല്‍.കെ. അദ്വാനി വന്നപ്പോള്‍ അക്കിത്തം പറഞ്ഞത്, ‘ഇന്നാണ് ആ ദിവസം. തപസ്യയുടെ പേര് ദേശത്തോളം ഉയരുന്ന ദിവസം’ എന്നാണ്. തപസ്യ ഇക്കാലമത്രയും മുന്നോട്ടുനടന്നത് അക്കിത്തത്തിന്റെ കരം പിടിച്ചാണ്. മുക്തിയിലേക്ക് നയിക്കുന്നതാണ് കലയെന്നതാണ് കവി ഉയര്‍ത്തിയ തത്വം. തപസ്യയുടെ നാന്ദിഗീതമായി അക്കിത്തം കുറിച്ചിട്ടത് മോക്ഷസാധകമായ സര്‍ഗസപര്യയുടെ യാത്രയാണ്. അത് സോമത്തെ, സാമത്തെ വെല്ലുന്നൊരു ലയ രോമാഞ്ചമായി, ആയിരം കൂര്‍ത്ത ദളങ്ങളോടെ പതിനായിരം വര്‍ഷം വന്ന പുലര്‍ന്ന പൂവായി കാലത്തെയും ലോകത്തെയും പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു…
പരിവര്‍ത്തനത്തിന്റെ ഒരു യുഗം
‘ഇദം ന മമ’ എന്ന നിസ്വന്റെ മന്ത്രമാണ് കവിയുടേത്. പക്ഷം പറഞ്ഞ് ചോദ്യം ചെയ്തവരെ അദ്ദേഹം പുഞ്ചിരി എറിഞ്ഞ് വരവേറ്റു. പരാതിയോ പരിഭവമോ ഇല്ലാതെ, ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ’ എന്നതാണ് എന്നത്തെയും ഭാവം. ഇപ്പോള്‍ ജ്ഞാനപീഠം ലഭിക്കുമ്പോഴും… ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന് നടുവില്‍ നിന്ന് ‘ഭഗവത്ഗീത അറിയുന്നവന് പ്രധാനമന്ത്രിയാകണം’ എന്ന് ഹൃദയംതൊട്ട് പാടിയ കവി. മറ്റുള്ളവര്‍ക്കായി ചൊരിയുന്ന ഒരു കണ്ണീര്‍ക്കണം ആത്മാവിലുദിപ്പിക്കുന്നത് ആയിരം സൗരമണ്ഡലമാണെന്ന് പുതിയകാലത്തിന് പകര്‍ന്നുനല്‍കിയ ഋഷി, മറ്റുള്ളവര്‍ക്കായി ചൊരിഞ്ഞ പുഞ്ചിരിയില്‍ വിരിഞ്ഞ കാലത്തിന്റെ നിത്യനിര്‍മ്മല പൗര്‍ണമി…
പരിവര്‍ത്തനത്തിന്റെ ഒരു യുഗമാണ് അക്കിത്തം കവിതകള്‍ സൃഷ്ടിച്ചത്. വര്‍ഗശത്രുക്കളെ സൃഷ്ടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും സാംസ്കാരിക ലോകത്തെയാകെ തുട്ടെറിഞ്ഞ് വരുതിയിലാക്കി ഇടനാഴികളിലെ അടക്കംപറച്ചില്ക്കൂട്ടമാക്കി മാറ്റുകയും ചെയ്ത സ്വേച്ഛാധിപത്യരാഷ്ട്രീയത്തിനെ പരമമായ നിസ്സംഗതയെ സമരായുധമാക്കി പടപൊരുതി തോല്‍പ്പിച്ച ധീരനായ ഒരു കവി. അഹന്തയുടെ അധികാരം സര്‍വ ആയുധങ്ങളുമെടുത്ത് പ്രതാപികളായി വാണ കാലത്തും സര്‍ഗാത്മകതയുടെ ഹിമാലയപ്പൊക്കം കൊണ്ട് ജ്ഞാനപീഠത്തിനുമുയരെ വളര്‍ന്ന ഋഷിയാണ് മഹാകവി.
ജ്ഞാനപീഠം പ്രകാശപൂരിതമാവുന്നു
അക്ഷരാര്‍ഥത്തില്‍ ജ്ഞാനപീഠം പ്രകാശപൂരിതമാവുകയാണ്. അക്കിത്തത്തിന്റെ കവിതയിലെ അമ്പാടിക്കണ്ണനില് മതവര്‍ഗീയത ആരോപിച്ച് വെട്ടിത്തിരുത്തിയ ഇടത് അധികാര രാഷ്ട്രീയം സാംസ്കാരികമായ സര്ഗധീരതയ്ക്ക് മുന്നില്‍ കുമ്പിട്ട ചരിത്രവും അവര്‍ക്ക് പാഠമായിട്ടുണ്ടാകണം.
അര്‍ഹിക്കുന്നതെല്ലാം വൈകിക്കുകയായിരുന്നു പിന്നെ വഴി. വയലാര്‍ പുരസ്കാരവും എഴുത്തച്ഛന് അവാര്‍ഡുമെല്ലാം അങ്ങനെ വൈകിമാത്രം എത്തിയ അവാര്‍ഡുകളാണ്. ജ്ഞാനപീഠപ്പട്ടികയില് നിന്നൊഴിവാക്കാന്‍ മൂര്‍ത്തീദേവീ പുരസ്കാരം കൊണ്ട് മഹാകവിയെ അഭിഷേകം ചെയ്ത കാലവുമുണ്ടായി. സങ്കടം പ്രകടിപ്പിച്ചവരോടെല്ലാം ‘അതൊക്കെ സ്നേഹം കൊണ്ട് തോന്നുന്നതാവും’ എന്ന് നിസ്സാരമാക്കുകയായിരുന്നു അദ്ദേഹം… എന്തായാലും സങ്കുചിത താല്പര്യങ്ങളുടെ ചിതലെടുത്തുപോയ ജ്ഞാനപീഠമഹത്വം സര്വപ്രൗഢിയോടെയും സൂര്യശോഭയോടെയും മടങ്ങിവരുന്നു. ഇവിടെ നിസ്വനായ മഹാകവിയുടെ പേരില്‍ ഒരു പുരസ്കാരം മഹിമ വീണ്ടെടുക്കുന്നു എന്ന വിസ്മയകരമായ ഒരു സവിശേഷതയുണ്ട് ഇതിന്. ഈ പുരസ്കാരലബ്ധി ആ അര്‍ഥത്തില്‍ മറ്റൊരു ഇതിഹാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: