ന്യൂദല്‍ഹി: മലയാള കവിതയില്‍ ദാര്‍ശനികതയുടെ മണിമുത്തുകള്‍ കൊരുത്ത, ഈടുറ്റ പാരമ്പര്യത്തിന്റെ നീരുറവകള്‍ തീര്‍ത്ത അക്കിത്തം അച്യുതന്‍ നമ്പൂതിരിയെന്ന മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം. കാവ്യമേഖലയിലെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജ്ഞാനപീഠ പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 55-ാമത് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് ഐകകണ്ഠ്യേനയാണ് 93കാരനായ അക്കിത്തത്തെ തെരഞ്ഞെടുത്തത്. 2017ല്‍ പദ്മശ്രീ നല്‍കി രാഷ്‌ട്രം മഹാകവിയെ ആദരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തൃശൂരില്‍ നടന്ന ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് ദാന ചടങ്ങില്‍ മഹാപ്രതിഭാ പുരസ്‌കാരം നല്‍കി അക്കിത്തത്തെ ജന്മഭൂമി ആദരിച്ചു.
‘വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം’ എന്ന് മലയാളത്തെ പഠിപ്പിച്ച അക്കിത്തം സര്‍വ്വാചരാചരങ്ങളിലും സ്‌നേഹത്തിന്റെ നിറവ് കണ്ടറിഞ്ഞ ദാര്‍ശനികനാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് അദ്ദേഹത്തിന്റെ കവിതകളില്‍. ദേശീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ മഹാകവി ഇപ്പോള്‍ തപസ്യ കലാ സാഹിത്യ വേദിയുടെ രക്ഷാധികാരിയാണ്. ദീര്‍ഘകാലം അധ്യക്ഷനായിരുന്നു.
1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനല്ലൂര്‍ അക്കിത്തം മനയില്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനനം. എട്ടാം വയസില്‍ കവിതാ രചന തുടങ്ങി. ഇടശ്ശേരി , ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്‍, വി.ടി, എംആര്‍ബി എന്നിവര്‍ക്കൊപ്പമുള്ള സഹവാസം അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി.
1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 85ല്‍ എഡിറ്ററായി വിരമിച്ചു.
ഇടിഞ്ഞുപൊളിഞ്ഞ ലോകം, കടമ്പിന്‍പൂക്കള്‍, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതം വിവര്‍ത്തനമാണ് ഏറ്റവും ഒടുവില്‍ രചന നിര്‍വഹിച്ചത്.
കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ജ്ഞാനപീഠം ട്രസ്റ്റിന്റെ മൂര്‍ത്തീദേവി പുരസ്‌കാരം വയലാര്‍ അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1949 ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ അക്കിത്തം നാരായണന്‍ സഹോദരനാണ്.

‘ശ്രീദേവി എന്നോടൊപ്പമില്ല എന്നതാണ് സങ്കടം’
കുമരനല്ലൂര്‍: ‘എന്റെ കവിതക്ക് ശക്തി നല്‍കിയത് എന്റെ പത്‌നി ശ്രീദേവിയാണ്. അവരെത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന് കണക്കില്ല. ഇപ്പോള്‍ അവരെന്നോടൊപ്പമില്ല എന്നതാണ് എന്റെ സങ്കടം. ജ്ഞാനപീഠം ലഭിച്ചതിനെക്കുറിച്ച് അക്കിത്തത്തിന്റെ പ്രതികരണം.
ഞാനീ പൊന്നാനി ഭാഗത്ത് എഴുതി നടന്ന ഒരാളാണ്. അതില്‍ ശ്രദ്ധിക്കുകയും അതിനെക്കുറിച്ചെഴുതുകയും ചെയ്ത ലീലാവതി ടീച്ചര്‍, ശങ്കുണ്ണി നായര്‍, ശങ്കരന്‍, അച്യുതനുണ്ണി, ആത്മാരാമന്‍, വസന്തന്‍ അങ്ങനെ അവരുടെ പട്ടിക വളരെ വലുതാണ്. അവരാണെന്നേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത്. അതുപോലെത്തന്നെ എന്റെ ചെറിയ കുറിപ്പുകള്‍ മറ്റു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഒരുപാട് പേര്‍ പണിയെടുത്തു. ചൗഹാനേയും ആര്‍സുവിനേയും ഹരിഹരനുണ്ണിത്താനേയും പണിക്കരേയും ഒന്നും മറക്കാനാവില്ല. ഞാനെഴുതിയതെല്ലാം ശരിയാണെന്ന് എനിക്കഭിപ്രായമില്ല. തെറ്റുകളുണ്ടാവാം.
മലയാളത്തില്‍ എന്നെക്കാള്‍ വലിയ കവികളുണ്ടായിട്ടുണ്ട്. മഹാകവി ഇടശ്ശേരി, വൈലോപ്പിള്ളി, വി.ടി. അവരൊക്കെ എന്നേക്കാള്‍ വലിയവരാണ്. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യം എന്നു പറഞ്ഞാല്‍ ജീവിതത്തിലെ കണ്ണീരിന്റെ അന്വേഷണമാണെന്നാണ്. എന്നാല്‍ അവര്‍ക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്കുകിട്ടി. കാരണം ആയുസ്സ് മാത്രമാണ്. ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട സാഹിത്യവഴിയാണ് എന്റേത്. അതുമായി ബന്ധപ്പെട്ട എല്ലാവരും ഇതില്‍ സന്തോഷിക്കുന്നുണ്ട് എന്നെനിക്കറിയാം.
പുരസ്‌കാരം വൈകിയോ?
എനിക്ക് എപ്പോഴും വൈകിയാണ് തോന്നുക. അതൊക്കെ ഓരോ സമയമായാലേ കിട്ടുകയുള്ളൂ. സമയം ജാതകത്തില്‍ എഴുതിവച്ചിട്ടുണ്ടാവും.
















