ഹൈദരാബാദ്: ജന്മദിനത്തില്‍ അമ്പലത്തില്‍ പോയ പത്തൊമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹനംകോണ്ടയിലെ നന്ദി ഹില്‍സ് കോളനിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ ജന്മദിനത്തെ തുടര്‍ന്ന് ഭദ്രകാളി ക്ഷേത്രത്തില്‍ പോക്കുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ചോഫായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഹണ്ടര്‍ റോഡില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി എംജിഎം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച രാവിലെ കുടുംബത്തിനു വിട്ടുകൊടുത്തു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ ദിവസം കാസിപേട്ടില്‍ വച്ച് തന്നെ കാണാന്‍ ആവശ്യപ്പെട്ട പ്രതി സായ് ഗൗഡ് ഉച്ചക്ക് രണ്ട് മണിയോടെ പെണ്‍കുട്ടിയെ ചിന്ന പെന്‍ഡ്യലിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വി രവീന്ദര്‍ പറഞ്ഞു. ബലാത്സംഗംത്തിനിടെയുണ്ടായ ഹൃദയാഘാതവും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിയെയും കാറിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായും അറിയിച്ചു. ഫോണിലൂടെ ആറുമാസത്തിനു മുമ്പാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
















