കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്, ഇന്നത്തെയും നാളത്തെയും തലമുറയ്ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ… ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച ഭാഗവതകാരന്‍… ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ നടുവില്‍നിന്ന് നാളെയുടെ കാലത്തെ പ്രവചിച്ച ക്രാന്തദര്‍ശി… നിസ്വന്റെ സംഗീതമായി പെയ്ത മഹാദര്‍ശനങ്ങള്‍… മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം… ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എംയടി. വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നീ മലയാള സാഹത്യകാരന്‍മാരാണ് ഇതിനു മുന്‍പ് ജ്ഞാനപീഠത്തിന് അര്‍ഹരായത്.
പുറ്റുമണ്ണിന്റെ കരളിലെ കണ്ണുനീരിറ്റില്‍ കുരുത്ത ആദികവിതയുടെ തുടര്‍ച്ചയാണ് അക്കിത്തം. അനുകമ്പയുടെ കണ്ണീരാണത്. ഭൂതദയയുടെ കണ്ണുനീര്… സ്വച്ഛസ്ഫടികമാര്‍ന്ന മഹാകാരുണ്യത്തിന്റെ കരുത്തുണ്ട് ആ കവിതയ്ക്ക്… ലോകത്തെ കീഴ്മേല്‍ മറിക്കുന്ന ഭൗതികസമൃദ്ധിയുടെ ബലമല്ല ബലം, സമുദ്രമഥനത്തിന് കയറായി മാറിയ ഘോരപന്നഗത്തിന്റെ പത്തിയില്‍നിന്ന് ചീറ്റിത്തെറിച്ച പ്രപഞ്ചനാശകമായ കാളകൂടത്തെ ഒരുതുള്ളി പോലും താഴെപ്പോകാതെ ഇരുകരങ്ങളില്‍ സ്വീകരിച്ച് പാനംചെയ്ത കാലകാലന്റെ മഹാകാരുണ്യത്തിന്റെ ബലമാണ് ബലമെന്ന് അറിയുകയും പറയുകയും ചെയ്ത ദ്രഷ്ടാവാണ് അക്കിത്തം. ദീനാനുകമ്പയാല്‍ ആവിയായ്ത്തീര്‍ന്ന ചേതനയാണ് ആ കവിതയുടെ ആത്മാവ്.
സര്‍ഗാത്മകതയുടെ ഉന്നം പണവും പദവികളും പുരസ്കാരങ്ങളുമാണെന്ന് ധരിച്ചുപോയ സാംസ്കാരികനായകരുടെ നിറഞ്ഞ വേദിയില്‍ നിസ്വനായി ഒരാള്‍, പണത്തിനുവേണ്ടി താന്‍ എഴുതാറില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരാള്‍, സോമത്തെയും സാമത്തെയും മറികടന്ന് ആത്മാനന്ദലയത്തിലേക്ക് കടന്നുപോകുന്ന അവസ്ഥയാണ് തനിക്ക് കവിതയെന്ന് അനുഭൂതിയിലൂടെ പകര്‍ന്നാടിയ ഒരാള്‍… അങ്ങനെയൊരു കവി മലയാളത്തില്‍ മറ്റാരുണ്ടാവാനാണ്.
സര്‍ഗാത്മകത അക്കിത്തത്തിന് പരമാനന്ദത്തിലേക്കുള്ള പടവുകളാണ്. സ്വയമലിഞ്ഞില്ലാതാവുന്ന സംലയനത്തിന്റെ വഴി. ആയിരം കൂര്‍ത്ത ദളങ്ങളോടെ വിരിഞ്ഞനന്തകോടി കാലം നിലനില്‍ക്കുന്ന പരമാനന്ദത്തിന്റെ മഹാപത്മത്തിലേക്കുള്ള ചവിട്ടുപടികള്‍… ചവിട്ടിപ്പോന്ന ഭൂമിയെ തിരിഞ്ഞുനോക്കി കവി കടന്നുപോകുന്ന ബാല്യകൗമാരങ്ങളിലെ കാഴ്ചകളിലാകെ വിരിയുന്ന തിരിച്ചറിവിന്റെ ദര്‍ശനങ്ങളാണ്.
ആത്മാവിലായിരം സൗരമണ്ഡലം വിരിയിക്കുന്നത് മറ്റുള്ളവര്‍ക്കായി പൊഴിക്കുന്ന ഒരു കണ്ണീര്‍ക്കണമാണെന്നും ഹൃദയത്തില്‍ നിത്യനിര്‍മ്മലപൗര്‍ണമി നിറയ്ക്കുന്നത് മറ്റുള്ളവര്‍ക്കായി ചെലവാക്കുന്ന ഒരു പുഞ്ചിരിത്തെല്ലാണെന്നുമുള്ള തിരിച്ചറിവിനെ കവി ഉള്‍ക്കൊള്ളുന്നത് ഒരു ലയരോമാഞ്ചത്തോടെയാണ്. ഇത്രകാലം ആ ദിവ്യപുളകോദ്ഗമം അറിയാതെപോയതിന്റെ നഷ്ടബോധമോര്‍ത്ത് കുലുങ്ങി കുലുങ്ങിക്കരയുന്ന ഒരു കവി അന്നന്ന് വീതം വെച്ചുകിട്ടുന്ന അക്കാദമിക്കസേരകള്‍ക്കനുസരിച്ച് കുളിരുകോരുന്നവര്‍ വല്ലാതെ പെരുകുന്ന പുതിയകാലത്ത് അത്ഭുതങ്ങളില്‍ മഹാത്ഭുതമാണ്.
മലയാളത്തിന്റെ സാംസ്കാരിക രംഗത്തെയാകെ രാഷ്ട്രീയാധികാരത്തിന്റെ ചവിട്ടുപടിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മുന്നില്‍ മഹാകവി, കവിതയുടെ കരുത്തില്‍ നെഞ്ചുവിരിച്ചുനിന്നു. ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ’ ഗിരിപ്രസംഗപാടവങ്ങള്‍ കണ്ടറിഞ്ഞ് അവയെ ചോദ്യം ചെയ്തു. ഒന്നും വേണ്ടാത്തവന്റെ ആ ചോദ്യം ചെയ്യലിനുമുന്നില്‍ കലിയെടുത്തുവന്ന കക്ഷിരാഷ്ട്രീയം മൗനിയായി നിന്നു. ഒരിക്കലല്ല, പല തവണ. അരിവെക്കേണ്ട തീയടുപ്പില് ഈയാംപാറ്റ കരിഞ്ഞപ്പോള് പിറ്റേന്ന് നിരത്തില്‍ കാണപ്പെട്ടത് വിശന്നുകരഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണെന്ന് ആറു പതിറ്റാണ്ട് മുമ്പ് അക്കിത്തം ഓര്‍മ്മിപ്പിച്ചു. അതുകേട്ട് നാളെയെക്കുറിച്ചോര്‍ത്ത് നടുങ്ങിപ്പോയിട്ടുണ്ട് മലയാളം. അട്ടപ്പാടിയിലെ ശിശുമരണങ്ങളും കര്‍ഷകആത്മഹത്യകളും പെരുകുന്ന, നമ്പര്‍ വണ്‍ കേരളത്തെക്കുറിച്ചു തന്നെയാണ് കവി പാടിയത്, ‘നിരത്തില്‍ കാക്ക കൊത്തുന്നു, ചത്ത പെണ്ണിന്റെ കണ്ണുകള്‍, മുലചപ്പി വലിക്കുന്നു നരവര്‍ഗ നവാതിഥി’ എന്ന്. പരിഷ്കാരവും പുരോഗമനവും ഏട്ടില്‍ മുളയ്ക്കുന്ന കാട്ടുപുല്ലുമാത്രമായി അവശേഷിക്കുന്ന കറുത്ത നാളുകളില്‍ തമസ്സല്ലോ സുഖപ്രദം എന്ന് കരുതേണ്ടി വരുമെന്ന മുന്നറിയിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കൊന്നുതള്ളുന്നവന്റെ അധികാരക്കൊടിക്ക് കീഴില്‍ ജീവിതം തളിര്‍ക്കുമെന്ന് പ്രഖ്യാപിച്ചവരോട് കവി പ്രതികരിച്ചത് ‘നിന്നെ കൊന്നവര്‍ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ’ എന്നാണ്. ‘തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കി വാര്‍ത്തെടുക്കാവൂ ബലമുള്ള കലപ്പകള്‍’ എന്നത് കാലത്തോടുള്ള ആഹ്വാനമായിരുന്നു. കേരളത്തെ കാര്‍ന്നുതിന്നുന്ന വൈദേശിക ഇസങ്ങളോട് വേദമന്ത്രപ്പൊരുളിലേക്ക് തിരിഞ്ഞൊന്നുനോക്കാനുള്ള അക്കിത്തത്തിന്റെ അഭ്യര്‍ത്ഥന തലമുറകള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. എഴുത്തുകാരനെ കക്ഷി തിരിച്ച്, കളം തിരിച്ച്, ചേരി പറഞ്ഞ് ആക്രമിച്ച കാലത്താണ് കന്യാകുമാരിയില്‍നിന്ന് ഗോകര്‍ണത്തേക്ക് അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ തീര്‍ത്ഥയാത്ര നടത്തിയത്. പരമാര്‍ത്ഥത്തില്‍ ഗംഗയും നിളയും രണ്ടല്ല, പഴശ്ശിയും ശിവജിയും രണ്ടല്ല എന്ന പി. കുഞ്ഞിരാമന്‍നായരുടെ ദര്‍ശനമായിരുന്നു തീര്‍ത്ഥയാത്രയുടെ കാഴ്ചയും കാഴ്ചപ്പാടും. കേരളവും ഭാരതവും രണ്ടെന്ന് കണ്ടവരുടെ ഇണ്ടല്‍ തീര്‍ക്കാന്‍, ഭാഷയുടെയും മതത്തിന്റെയും പേരില്‍ വീതംവെയ്പിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് സാംസ്കാരിക ഏകതയിലൂടെ ഭാവാത്മകമായ മറുപടി നല്‍കാനായി നടത്തിയ ആ തീര്‍ത്ഥയാത്രയ്ക്ക് നായകനായി. പുരോഗമനത്തിന്റെ മറ പിടിച്ച് പിന്നോട്ടുനടക്കാന്‍ ശീലിച്ച കേരളത്തെ സംസ്കൃതിയിലേക്ക് ആനയിച്ച നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയായിരുന്നു മഹാകവി. തപസ്യ സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം ഉയരണമെന്നും അതിന് തപസ്യ തന്നെയെന്നാകണം പേരെന്നും അക്കിത്തം പ്രാര്‍ത്ഥിച്ചു. അന്യോന്യമംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുള്ളൊരു നല്ല രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് കേരളം തല ഉയര്‍ത്തിനിന്ന് പാടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അദ്വൈത സാരസ്വതത്തിനപ്പുറം എന്ത് സോഷ്യലിസം, എന്ത് കമ്മ്യൂണിസമെന്ന് ചോദിക്കാന്‍ മടികാട്ടിയില്ല അക്കിത്തം. കലയ്ക്കും സാഹിത്യത്തിനും ചേര്‍ന്ന ഒറ്റപ്പേര് തപസ്യ എന്നതാണെന്ന് പ്രഖ്യാപിക്കാന്‍ തലകുനിച്ചാല്‍ തനിക്ക് വന്നുചേര്‍ന്നേക്കാമായിരുന്ന വാഴ്ത്തുപാട്ടുകളുടെയും പുരസ്കാരങ്ങളുടെയും പകിട്ട് അദ്ദേഹത്തിന് തടസ്സമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: