കാഞ്ഞങ്ങാട്: അറുപതാമത് കേരള സ്കൂള്‍ കലോത്സവത്തിന് തുളുനാടന്മണ്ണില് പ്രൗഢഗംഭീരമായ തുടക്കം. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും അലാമിക്കളിയും പൂരക്കളിയും സമന്വയിപ്പിച്ച നൃത്ത-സംഗീത സ്വാഗതഗാനത്തിന് ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കലോത്സവത്തിന്റെ മുഖ്യവേദിയായ ഐങ്ങോത്തെ മഹാകവി പി. കുഞ്ഞിരാമന് നായര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിലവിളക്ക് കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. മാനവികതയുടെ സന്ദേശം പകരുന്ന ഒഎന്‍വിയുടെ മതിലുകള്‍ കവിതയും സ്പീക്കര്‍ ചൊല്ലി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യാതിഥിയായി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, നിയമസഭ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ എംഎല്‍എ, നടന് ജയസൂര്യ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. പൊതുവിദ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് സ്വാഗതവും പൊതുവിദ്യാദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു നന്ദിയും പറഞ്ഞു. 28 വേദികളിലായി ഒന്നാംദിവസം വിവിധ മത്സരങ്ങള്‍ അരങ്ങേറി. ഡിസംബര്‍ ഒന്നിന് മത്സരം കൊടിയിറങ്ങും.
ആദ്യ ദിനം കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പംകലോത്സവത്തിന്റെ ആദ്യ ദിനം കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട് ജില്ല 209 പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്. 205 പോയിന്റുമായി കണ്ണൂര്‍ തൊട്ടു പിന്നിലുണ്ട്. 189 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. സ്കൂള്‍ വിഭാഗത്തില്‍ 49 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തും 31 പോയിന്റുമായി ഇടുക്കി കുമരമംഗലം എംകെഎന്‍എംഎച്ച്എസ് രണ്ടാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: