കൊച്ചി: യുവനടന് ഷെയിന്‍ നിഗമിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കി. സിനിമ ചിത്രീകരണത്തോടുള്ള നിസഹരണവും വെല്ലുവിളിയുമാണ് കാരണം. ഇപ്പോള്‍ ചിത്രീകരണമ നടക്കുന്ന വെയില്, കുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കാനും കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. നിര്‍മാതാക്കളോടും സംവിധായകരോടും വെല്ലുവിളിയുടെ സ്വരത്തില്‍ സംസാരിക്കുന്ന സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ബോധമുള്ള ഒരു നടന് ചെയ്യുന്ന കാര്യങ്ങളല്ല ഷെയിന്‍ ചെയ്യുന്നതെന്നും സംഘടന ഭാരവാഹികള്‍ ആരോപിച്ചു.
കുറച്ചു നാളുകളായി വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. വെയില് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന് ശരത്തുമായി ആണ് പ്രശ്നമായത്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമെന്ന ആക്ഷേപങ്ങള്‍ക്കിടെ മുടിയും താടിയും വടിച്ച ചിത്രം പുറത്തുവിട്ടിരിന്നു നടന്.
സംവിധായകന് മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ന് സെറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ‘സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസം വേണ്ടി വരും. വെയില് എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.’ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തില്‍ താരത്തിന്റെ പ്രതികരണം.
നേരത്ത ഷെയ്നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന് സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സംവിധായകനുമായി ഉടക്കി സെറ്റില്‍ നിന്നും താരം ഇറങ്ങിപ്പോയത്. പിന്നീട് വെല്ലുവിളി എന്ന നിലയില്‍ ലുക്ക് മാറ്റിയിതും. ഷെയിന്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
മുടി വെട്ടി ജ്യൂസ് കുടിക്കുന്ന ഷെയ്ന് നിഗമിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ കഥാപാത്രമാണ് ചിത്രത്തില്‍ ഷെയിന്‍ കൈകാര്യം ചെയ്യുന്നത്. മുടി വെട്ടിയതിലൂടെ വെയില് സിനിമയുമായി ബന്ധപ്പെട്ട കരാറാണ് ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിര്‍മ്മാതാവ് ജോബി ജോര്‍ജാണ്. കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തും വെട്ടിലായിരുന്നു. തുടര്‍ന്നാണ് നിര്‍മാത്താക്കളുടെ സംഘടന യോഗം ചേര്‍ന്ന് ഷെയിനിനെ വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: