കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ തുപ്പാശ്ശേരി ക്ലോത്ത് സെന്ററില്‍ ഇന്നലെ ഉണ്ടായ തീപിടുത്തം പെട്ടന്ന് അണക്കാന്‍ കഴിഞ്ഞത് മൂലം ഒഴിവായത് വന്‍ ദുരന്തം. രാവിലെ ആറു മണിയോടു കൂടി കടയുടെ പടിഞ്ഞാറു ഭാഗത്ത് തീയും പുകയും കണ്ട് ക്ഷേത്ര ദര്‍ശനത്തിന് പോയവരാണ് പോലീസിനേയും, ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. ഉടന്‍ തന്നെ പോലിസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ശാസ്താംകോട്ട, ചവറ, കായംകുളം, ചിന്നക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ യൂണീറ്റുകള്‍ കരുനാഗപ്പള്ളിയിലെത്തി തീയണക്കാനുള്ള ശ്രമം നടത്തി. കരുനാഗപ്പള്ളിയില്‍ ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും എപ്പോഴും തിരക്ക് അനുഭവപ്പെടുന്നതുമായ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
ചപ്പുചവറുകള്‍ കത്തിച്ചതില്‍ നിന്നും തീ പടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സും, ദ്യസാക്ഷികളും പറയുന്നു. തുണിക്കടയോട് ചേര്‍ന്നുള്ള ചെരുപ്പു കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന ( ഡാമേജ്) ആയ ചെരിപ്പുകള്‍ കത്തിനശിച്ചു.ചെരിപ്പുകടക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
തുണിക്കടയുടെ സാരി വിഭാഗം പ്രവര്‍ത്തിക്കുന്ന രണ്ടു നിലകളിലാണ് തീ പിടിച്ചത്. തീ കൂടുതല്‍ കത്തി പടരുന്നതിനു മുമ്പുതന്നെ ഫയര്‍ഫോഴ്‌ന് എത്തി തീ അണക്കാര്‍ ശ്രമിച്ചത് മൂലം നാശനഷ്ടം കുറക്കുന്നതിനും, മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനും കഴിഞ്ഞു.ലക്ഷങ്ങളുടെ നഷ്ടമാണ് തുണിക്കടക്ക് ഉണ്ടായത്.
ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ ,കരുനാഗപ്പള്ളി സ്റ്റേഷന്‍ ഒഫ്രീസര്‍ ടി.സുരേഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ സക്കറിയ അഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രിച്ചത്. കരുനാഗപ്പള്ളി എ.സി.പി വിദ്യാധരന്‍ സിഐ മഞ്ചുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥത്ത് സുരക്ഷ ഒരുക്കി.
















