ശബരിമല: പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നതോടെ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടേറുന്നു. ജലനിരപ്പ് താഴ്ന്നാല്‍ കുള്ളാര്‍ ഡാം തുറന്നുവിട്ട് ജലനിരപ്പ് ക്രമപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡല മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയപ്പോള്‍ ഇടയ്‌ക്കുണ്ടായ മഴ കാരണം ഡാം തുറക്കേണ്ടിവന്നില്ല. എന്നാല്‍, ഇപ്പോള്‍ ജലനിരപ്പ് വളരെയേറെ താഴ്ന്നു.
ത്രിവേണി പാലത്തിന് താഴെ നടപ്പാലത്തിന് സമീപം നദിയുടെ ഇടതുകരയില്‍ മണല്‍ തെളിഞ്ഞു. പ്രളയകാലത്ത് നദിയില്‍ വന്നടിഞ്ഞ് മണലും മറ്റവശിഷ്ടങ്ങളും ഇനിയും നീക്കാനുണ്ട്്. നദിയുടെ ഇടത് കരയില്‍ മണലും മറ്റവശിഷ്ടങ്ങളും അടിഞ്ഞതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചെങ്കില്‍ മാത്രമേ നദിയില്‍ ജലനിരപ്പുയര്‍ന്ന് സ്വാഭാവിക ഒഴുക്ക് ഉണ്ടാവുകയുള്ളൂ.
വെള്ളം വീണ്ടും കുറഞ്ഞാല്‍ രണ്ട് ദിവസത്തിനകം കുള്ളാര്‍ ഡാം തുറന്ന് വിടുവാന്‍ നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പധികൃതര്‍ പറഞ്ഞു.
















