മൂന്നാര്‍: നികുതി വെട്ടിപ്പ് നടത്തിയതിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫാന്‍സുള്ള കൊമ്പന്‍ ഹോളിഡെയ്സ് അടക്കം രണ്ട് ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് ദിവസമായി നടത്തിയ പരിശോധനക്കിടെ ഇത്തരത്തില്‍ രണ്ട് ബസുകളാണ് ദേവികുളം സബ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ചയാണ് പത്തനംതിട്ടയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി മൂന്നാറിനെത്തിയ കൊമ്പന്‍ എന്ന ബസ് പിടികൂടിയത്. വലിയ നിയമ ലംഘനം കണ്ടെത്തിയതോടെ വാഹനത്തിന്റെ ആര്‍സി ബുക്കും പെര്‍മിറ്റും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓര്‍ഡിനറി സര്‍വ്വീസിന് ടാക്സ് അടച്ച ശേഷം പുഷ്ബാക്ക് സീറ്റ് (ലക്ഷ്വറി ക്ലാസ്) കയറ്റി മാസങ്ങളായി ബസ് ഓടിക്കുകയായിരുന്നു. പരിശോധന സമയത്ത് സാധാരണ സീറ്റ് വെച്ച ശേഷം പിന്നീട് സീറ്റ് മാറ്റി സര്‍വ്വീസ് നടത്തുകയാണ് പതിവെന്നും കണ്ടെത്തി.
ഇത്തരത്തില്‍ മാത്രം 60000 രൂപയുടെ റവന്യൂ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. വലിയ ശബ്ദമുള്ള സ്പീക്കര്‍ സിസ്റ്റം, മുന്നിലും ഉള്ളിലും ശക്തി കൂടിയ ലേസര്‍ ലൈറ്റുകള്‍, ആറ് പൈപ്പിന്റെ എയര്‍ ഹോണ്‍ തുടങ്ങിയ ഘടിപ്പിച്ച് മറ്റ് യാത്രക്കാര്‍ക്ക്് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ബസ് നിരത്തിലോടിയിരുന്നത്. നിയമ പ്രകാരമല്ലാതെ സീറ്റ് മാറ്റിയതിന് 5000 രൂപ അധിക പിഴയടക്കം ഏതാണ്ട് 90,000 രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടച്ച ശേഷം വാഹനം മേല്‍പ്പറഞ്ഞവയെല്ലാം മാറ്റി പഴയപടിയാക്കി കൊണ്ടുവന്ന് കാണിക്കാനാണ് സബ് ആര്‍ടിഒ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമാകും ഇനി വാഹനം നിരത്തിലോടിക്കാനാവുക.
സമാനമായി തന്നെ കണ്ണൂരില്‍ നിന്ന് ഇടുക്കിയ്‌ക്ക് വിനോദ സഞ്ചാരത്തിന് വന്ന ഏയ്ഞ്ചല്‍ എന്ന ബസും ഇന്നലെ മോട്ടാര്‍ വാഹന വകുപ്പ് പിടികൂടി. മൂന്ന് മാസത്തെ നികുതി അടച്ച് നിരത്തിലിറക്കിയ ബസ് കഴിഞ്ഞ മൂന്ന് മാസത്തെ നികുതി അടച്ചിരുന്നില്ല. ഇതിന്റെ പിഴയടക്കം 35,000 രൂപ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടൂറിസ്റ്റ് ബസുകളില്‍ വലിയ തോതിലുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേവികുളം സബ് ആര്‍ടിഒ വി.ജെ. വിജി, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. മുജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
















