തിരുവനന്തപുരം: മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനെതിരെ പ്രചാരണം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിനിമയുടെ മുന്‍ സംവിധായകന് സജീവ് പിള്ള അടക്കമുള്ളവര്‍ക്കെതിരെയാണ് വിതുര പോലീസ് കേസെടുത്തത്. സിനിമയ്ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണക്കമ്പനി നല്കിയ പരാതിയിലാണ് കേസ്.
ഒരേ കേന്ദ്രത്തില്‍ നിന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയമുണ്ടെന്നും ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും സംശയമുള്ളതായി പരാതിയില്‍ പറയുന്നു. സിനിമയുടെ റിലീസ് ദിവസം നീട്ടിയതിനെ തുടര്‍ന്നാണ് പ്രചരണങ്ങള്‍ക്ക് ശക്തിപ്രാപിച്ചത്. 55 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ഈ ചിത്രത്തിനെതിരെയുള്ള പ്രചരണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കുമെന്ന് പരാതി വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ മുന്‍ സംവിധായകന് സജീവ് പിള്ളയ്ക്കെതിരെ പരാതിയില്‍ നിര്‍മ്മാണ കമ്പനി നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ്. എം. പത്മകുമാറാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ സജീവ് പിള്ളയുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയിരുന്നത്. എന്നാല്‍, നിര്‍മാതാവ് വേണു കുന്നപ്പള്ളി നിരവധി കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ മാറ്റി പത്മകുമാറിനെ സംവിധായകനാക്കുകയായിരുന്നു.
അതേസമയം സജീവിന്റെ പരിചയ കുറവ് കാരണം തനിക്ക് പത്ത് കോടിയോളം രൂപ നഷ്ടം വന്നെന്നാണ് കമ്പനിയുടെ വാദം. ഇതിനു പുറമെ ചിത്രത്തോട് നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സജീവ് പിള്ളയെ പുറത്താക്കിയതെന്നും വേണു പറഞ്ഞിരുന്നു.
മാമാങ്ക മഹോത്സവം പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രം കേരളം കണ്ട എറ്റവും വലിയ റിലീസിനായിട്ടാണ് ഒരുങ്ങുന്നനത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ മാത്രമായി 400ലേറെ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: